Breaking News

വഴിയാത്രക്കാരുടെ ദാഹം തീര്‍ക്കാന്‍ കഠിനാഅധ്വാനത്തിന്റെ കരിമ്പ് ജൂസുമായി സുമിത്

കൊടകര : കൊടകര- ആളൂര്‍ റോഡില്‍ വഴിയമ്പലം എന്ന ബസ് സ്റ്റോപ്പിന് കുറച്ചു മാറി കരിമ്പ് ജ്യൂസ് വില്‍ക്കുന്ന ഒരു വഴിയോര കട. കുത്തി നിര്‍ത്തിയ ഒരു പഴയ പലവര്‍ണകുട, അതിന്റെ കീഴെ നന്നായി തുടച്ചു വൃത്തിയാക്കിയ ഒരു യന്ത്രം അരികില്‍ കരിമ്പു തണ്ടുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അതിനരികെ നിറചിരിയോടെ ജ്യൂസുണ്ടാക്കി കൊടുക്കുന്ന ഉത്തര്‍പ്രദേശുകാരനായ ഒരു ചെറുപ്പക്കാരന്‍, സുമിത്ത്. ആ വഴിയിലൂടെ കടന്ന് പോകുന്ന ആരും അറിയാതെ അവിടെ നില്‍ക്കും. ചെറുനാരങ്ങയും ഇഞ്ചിയും ചേര്‍ത്ത് സുമിത്ത് ഉണ്ടാക്കിതരുന്ന കരിമ്പ് ജ്യൂസിന്റെ സ്വാദ് ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ നാവില്‍ നിന്ന് പോകില്ല.

ഉത്തര്‍പ്രദേശിലെ ലക്‌നൗവിനടുത്തുളള ഗുര്‍സായ്ഗബി എന്ന സ്ഥലത്താണ് സുമിത്തിന്റെ വീട്. ശ്രീറാം നിവാസ് റാഠോര്‍, അനിതാ ദേവി ദമ്പതികളുടെ ആറ് മക്കളില്‍ രണ്ടാമനാണ്. പത്ത് വര്‍ഷമായി കേരളത്തില്‍ പലവിധ കച്ചവടങ്ങള്‍ നടത്തുന്ന അമ്മാവന്‍ അശോക് റാഠോറിന്റെ കൂടെയാണ് അച്ചനും സഹോദരനുമൊപ്പം രണ്ട് വര്‍ഷം മുമ്പ് സുമിത്ത് കൊടകരയില്‍ എത്തിയത്. പുല്ലൂരും കൊടകരയിലുമായി രണ്ട് സ്ഥലത്താണ് ജ്യൂസ് കടകള്‍. രണ്ടുപേര്‍ മാറി മാറി കടകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരാള്‍ നാട്ടില്‍ പോകും.

പത്താം ക്ലാസില്‍ 73 ശതമാനം മാര്‍ക്കോട് കൂടി ജയിച്ചു. പ്ലസ് ടു വിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മാവന്റെ കൂടെ കേരളത്തിലെത്തിയത്. അതിനാല്‍ പഠനം മുഴുവനാക്കാന്‍ കഴിഞ്ഞിട്ടില്ല. മെയ് അവസാനത്തില്‍ കേരളത്തില്‍ മഴ തുടങ്ങിയാല്‍ ആഗസ്റ്റ് പകുതി വരെ എല്ലാവരും നാട്ടിലേക്ക് പോകും ഈ വര്‍ഷം നാട്ടില്‍ പോകുമ്പോള്‍ പരീക്ഷ പൂര്‍ത്തിയാക്കാം എന്നാണ് സുമിത്തിന്റെ പ്രതീക്ഷ. ഒരു പട്ടാളക്കാരനാകണം എന്നതാണ് സുമിത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.

അനേകം പട്ടാളക്കാര്‍ നമ്മുടെ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ് നമുക്ക് നാട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നത്. അതുകൊണ്ട് അവര്‍ക്കൊപ്പം കൂടണം, നാട് കാക്കണം. രണ്ട് വര്‍ഷം കൊണ്ട് കൊടകര പ്രദേശത്ത് ഒത്തിരി സൗഹൃദങ്ങള്‍ സുമിത്ത് നേടി. എല്ലാ ദിവസവും വന്ന് ജ്യൂസ് കുടിക്കുന്നവര്‍ ഉണ്ട്. ദിവസത്തില്‍ പലപ്രാവശ്യം വരുന്നവരുമുണ്ട്. ആര് വന്നാലും അവരോടെല്ലാം ഹിന്ദിയും, ഇംഗ്ലീഷും, മലയാളവും കലര്‍ത്തി സുമിത്ത് വിശേഷങ്ങള്‍ ചോദിക്കും.

രണ്ടാം പ്രാവശ്യം സുമിത്തിനരികില്‍ ജ്യൂസ് കഴിക്കാന്‍ വരുമ്പോള്‍ മുമ്പ് പറഞ്ഞ് നിര്‍ത്തിയതിന്റെ ബാക്കി എന്തെങ്കിലും ഓര്‍ത്തിരിക്കുന്നത് സുമിത്തിന് ചോദിക്കാനുണ്ടാവും. വഴിയിലൂടെ വേഗത്തില്‍ കടന്ന് പോകുന്ന പലരും സുമിത്തിനെ കാണുമ്പോള്‍ ഹോണ്‍ മുഴക്കും. അവരെയെല്ലാം കൈകള്‍ ഉയര്‍ത്തി സുമിത്ത് അഭിവാദനം ചെയ്യും. പിറന്ന നാടിന് വേണ്ടി പടപൊരുതാനും പാറാവുനില്‍ക്കാനും മനസില്‍ കൊതിക്കുന്ന ഒരു പതിനെട്ടുകാരന്‍ ഇപ്പോള്‍ കാവല്‍ നില്‍ക്കുന്നത് വഴിയാത്രക്കാരുടെ ദാഹം തീര്‍ക്കാന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!