Breaking News

പി.കെ. അനില്‍കുമാര്‍ (തംബുരു)

പി.കെ. അനില്‍കുമാര്‍ (തംബുരു)

കളിക്കളത്തിലേയ്‌ക്ക് പിറന്നുവീണ കൊടകരയുടെ കറുത്തമുത്ത്, ജുനിയര്‍ ഐ.എം.വിജയന്‍, ഇന്ത്യന്‍ ഫുട്ബോളിന് കൊടകരയുടെ വാഗ്ദാനം വിശേഷണങ്ങള്‍ ഒട്ടും അധികമാകില്ല ഞങ്ങള്‍ കൊടകരക്കാര്‍ തംബുരുവെന്നും മറ്റുള്ളവര്‍ സാംബിയയെന്നും സ്നേഹത്തോടെ വിളിക്കുന്ന പി. കെ. അനില്‍കുമാറിന്. വീട്ടുമുറ്റത്തെ മൈതാനത്ത് പന്തുതട്ടി പിച്ചവച്ച ബാല്യകാലം.  അതേമൈതാനത്ത് ദേശിയതാരങ്ങള്‍ക്കൊപ്പം ഗോള്‍വലകള്‍ കുലുക്കുമ്പോഴും മുഖത്ത് അതേ നിഷ്‌കളങ്കഭാവം. ഇതെല്ലാം ഒരു നിയോഗമായി കരുതികൊണ്ട്  അനില്‍ പന്തുതട്ടുകയാണ്. വലിയ ടീമുകളും എണ്ണമറ്റ ട്രോഫികളും അനില്‍കുമാറിന് ഒരു സൂപ്പര്‍താരപരിവേഷം നല്‍കുമ്പോഴും തന്റെ പഴയ തട്ടകമായ ഡൈനാമോസ് ക്ലബ്ബും അതിലെ സുഹ്യത്തുക്കളേയും ജീവശ്വാസമായി കരുതുകയാണ് അനില്‍കുമാര്‍. ഇതിനേക്കാളുപരി തന്നെ ഒരു ഫുട്ബോള്‍ താരമാക്കിമാറ്റിയത് തന്റെ പിതാവിന്റെ ഫുട്ബോള്‍ഭ്രമമാണെന്ന അനില്‍ പറയുന്നും.  താന്‍ പഠനത്തില്‍ പോലും ശ്രദ്ധിക്കാതെ ഫുട്ബോള്‍ കളിച്ചുനടന്നപ്പോഴും അദ്ദേഹം അതിനെ എതിര്‍ത്തില്ല, മകന്റെ പ്രതിഭ ആരെക്കാ‍ളും നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടാകാം  ഈ പിതാവ്‌.

 കൊടകര പങ്ങാട്ടുകര പി.പി.കുമാരന്റേയും സരസ്വതിയുടേയും മകനായി 1981 മാര്‍ച്ച് 19 ന് ജനനം. കൊടകര ഗവ:എല്‍.പി.സ്‌ക്കൂളില്‍ പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍  ഗവ:ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ചു.  പ്രീ ഡിഗ്രിയ്‌ക്ക് ത്യശൂര്‍ സെന്റ് തോമാസ് കോളേജില്‍ ചേര്‍ന്നു. ഫുട്ബോള്‍ കോച്ചുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് തന്റെ 18 സഹപാഠികളുമൊത്ത് എല്‍തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലേക്കുമാറി ചേര്‍ന്ന് വിവാദ പുരുഷനായി. ആ വര്‍ഷം ബാംഗ്‌ളൂര്‍ ക്രൈസ്‌റ്റ് കോളേജില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഏഴുഗോളുകള്‍ നേടി അനില്‍ എല്‍തുരുത്ത് അലോഷ്യസ് കോളേജിനെ കിരീടമണിയിച്ചു.

AnilKumar

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോല്‍ ത്യശൂര്‍ ആലുക്കാ‍സ്  ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പില്‍ എത്തിയ അനിലിലെ ഫുട്ബോള്‍ പ്രതിഭയെ കണ്ടെത്തിയത് ജോസഫ് റൈസ് എന്ന കോച്ചാണ്. 1999-ല്‍ നടന്ന ഇന്റര്‍ ഡിസ്‌ട്രിക്‌റ്റ് ടൂര്‍ണമെന്റില്‍ എട്ടു ഗോള്‍ അടിച്ച് ടോപ്പ് സ്‌കോററായ അനില്‍ തൊട്ടടുത്തവര്‍ഷം ആലപ്പുഴയില്‍ നടന്ന ടൂര്‍ണമെന്റില്‍  ബെസ്‌റ്റ് ഫുട്ബോളര്‍ പട്ടം നേടുകയുണ്ടായി. 2000 ല്‍ കേരളത്തിലെ ഏറ്റവും മികച്ച അണ്ടര്‍ 19  കളിക്കാരനുള്ള കേരള ഫുട്ബോള്‍ അസോസിയേഷന്റെ  ഗോള്‍ഡ് മെഡലും അനിലിനെ തേടിയെത്തി.  2000 സെപ്‌റ്റമ്പര്‍ 9 ന് കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ എഫ്.സി. കൊച്ചിനില്‍ ചേര്‍ന്നു.

2000 ല്‍ ഐ.എഫ്.എ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിയ എഫ്.സി.കൊച്ചിന്‍ ടീമിലംഗമായിരുന്നു.  2001 ല്‍ മാഹിയില്‍ നടന്ന ഹോമിസ് കപ്പ് ടൂര്‍ണമെന്റിന്റെ സെമിയിലെത്തിയ എഫ്.സി.കൊച്ചിന്‍ ടീമിലും അംഗമായിരുന്നു. അതേവര്‍ഷം അണ്ടര്‍ 21 ലോകകപ്പില്‍ ഇന്ത്യയ്‌ക്കുവേണ്ടി ബൂട്ടണിയാന്‍ അവസരം വന്നെങ്കിലും ഭാഗ്യം അനിലിനെ കൈവിട്ടു. പാക്കിസ്ഥാനില്‍ നടക്കാനിരുന്ന മത്സരം സുരക്ഷാപ്രശ്‌നങ്ങളുടെ പേരില്‍ ഒഴിവാക്കുകയായിരുന്നു. 2002 ല്‍ ഐ.എഫ്.എ ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ  റണ്ണേഴ്‌സപ്പാക്കുന്നതില്‍ അനില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ചര്‍ച്ചിലിനുവേണ്ടി ദേശിയ ലീഗ് ഫുട്ബോളില്‍ കളിക്കുമ്പോള്‍   2003 ല്‍  കെ.എസ്.ഇ.ബി. യില്‍ ജോലി ലഭിച്ചു. ഇപ്പോള്‍ കൊടകര കെ.എസ്.ഇ.ബി. യില്‍ കാഷ്യര്‍ ആയി ജോലി ചെയ്യുന്നു.

സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി രണ്ടു തവണ  ബൂട്ടണിഞ്ഞിട്ടുള്ള അനില്‍ സാഫ് ഗെയിംസിനുള്ള (അണ്ടര്‍ 23) ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാമ്പിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.എസ്. ഇ.ബി. യില്‍ നിന്നും വായ്പാടിസ്ഥാനത്തില്‍  2007 ല്‍ വിവാ കേരള ടീമിനു കളിക്കാനെത്തിയ അനില്‍ നാലുമത്സരങ്ങളില്‍നിന്നും   ഹാട്രിക്കുള്‍പ്പെടെ   ആറു ഗോളുകള്‍ നേടി  വിവാകേരളയെ ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ പ്രീമിയര്‍ ഡിവിഷനിലെത്തിച്ചു.ഇപ്പോള്‍ ദേശീയ ഫുട്‌ബോള്‍ ലീഗില്‍ (ഐ ലീഗ്) വിവാകേരള ടീമിനുവേണ്ടി കളിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!