Breaking News

തൃശൂര്‍ പൂരത്തിന്റെ ആദ്യമേളത്തിന് കൊടകരസ്പര്‍ശം; മേളപ്രമാണിയായി കൊടകര ഉണ്ണി 

കൊടകര: മഞ്ഞും മഴയും വെയിലുമേല്‍ക്കാതെ പൂരങ്ങളുടെ പൂരത്തിനെത്തുന്ന ഗുരുസ്ഥാനീയനായ കണിമംഗലം ശാസ്താവിന്റെ പൂരപ്പുലരിയിലെ പാണ്ടിമേളത്തിന് യുവമേളകലാകാരന്‍ കൊടകര ഉണ്ണിയാണ് ഇക്കുറി അമരക്കാരനാകുന്നത് . പൂരത്തലേന്ന് വടക്കുംനാഥന്റെ തെക്കേഗോപുരം നെയ്തലക്കാവിലമ്മ തുറന്നിടുന്നത് പൂരപ്പുലരിയില്‍ കണിംമംഗലം ശാസ്താവിന് കടന്നുവരാനാണ്.

പുലര്‍ച്ചെ 5 മണിയോടെ കണിമംഗലംശാസ്താവ്എഴുന്നള്ളി കൊളശ്ശേരി ക്ഷേത്രത്തിലെത്തി അവിടെനിന്നും 7 മണിയോടെ മണികണ്ഠനാലിലെത്തി തെക്കേഗോപുരംകടന്ന് ഇലഞ്ഞിത്തറയിലെത്തും. ശക്തന്റെ തട്ടകത്തെ മേടപ്പൂരനാളിലെ ആദ്യപൂരമാണിത്. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്ക്‌സ്ട്ര അരങ്ങേറുന്ന വേദിയില്‍ ഭൈരവിയുടെ ഈണവും രൗദ്രതയുടെ ഭാവവും നിറഞ്ഞ പാണ്ടിമേളത്തിന് കാലമിടും.

കൊലുമ്പലും പതികാലത്തിലെ ആദ്യരണ്ടുകലാശവും കഴിഞ്ഞാല്‍ വടക്കുംനാഥന്റെ പടിഞ്ഞാറേഗോപുരംകടന്ന് ശ്രീമൂലസ്ഥാനത്തെത്തി മേളം കലാശിക്കും. കഴിഞ്ഞ 28 വര്‍ഷമായി പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തില്‍ പങ്കെടുക്കുന്ന കലാകാരനാണ് ഉണ്ണി.

തൃശൂരിലേയും പരിസരങ്ങളിലേയും ഒട്ടനവധിമേളങ്ങളുടെ ചുമതലക്കാരനായ ഉണ്ണി കൊടകര പൂനിലാര്‍ക്കാവ്, നന്തിപുലം കുമരഞ്ചിറ, പുതുക്കാട് കുറുമാലിക്കാവ് തുടങ്ങി ധാരാളം ക്ഷേത്രങ്ങളില്‍ മേളപ്രമാണിയുമായിട്ടുണ്ട്.എന്നാല്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെ ഘടകപൂരത്തിന് മേളാധിപത്യമേല്‍ക്കുന്നത് ആദ്യമാണ്. ഉണ്ണിയുടെ ഒട്ടനവധിശിഷ്യരും ഇലഞ്ഞിത്തറമേളത്തിലും തെക്കോട്ടിറക്കത്തിലുമായി പങ്കെടുക്കുന്നുണ്ട്.

വിദേശരാജ്യങ്ങളിലുള്ളവര്‍ക്കുപോലും ഓണ്‍ലൈന്‍ആയി പഞ്ചാരിമേളപരിശീലനംനല്‍കിവരുന്ന ഉണ്ണിക്ക് ആയിരത്തിമുന്നൂറിലധികം ശിഷ്യരുണ്ട്.വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ മേളകലാസംഗീതസമിതിയുടെ സ്ഥാപകസെക്രട്ടറിയാണ് ഉണ്ണി. 2 വര്‍ഷംമുമ്പ് പെരിഞ്ഞനം ബീച്ച്‌ഫെസ്റ്റിവലില്‍ 501 പേരുടെ പഞ്ചാരിമേളം ഉണ്ണിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.

പൂരനാളില്‍ ഉച്ചക്ക് 2 മണിക്കുനടക്കുന്ന പ്രസിദ്ധമായ പാറമേക്കാവിന്റെ ഇലഞ്ഞിത്തറയിലെ പെരുവനത്തിന്റെ മേളപ്പെരുക്കത്തിനുമുന്നോടിയായാണ് കണിമംഗലത്തിന്റെ പാണ്ടിമേളം ഇതേസ്ഥാനത്ത് അരങ്ങേറുക. പൂരപ്പുലരിയിലെ കണിമംഗലത്തപ്പന്റെ ഈ മേളപ്പെരുക്കത്തിന് കൊടകരയ്‌ക്കൊപ്പം ഇടംതലയില്‍ കീനൂര്‍ സുബീഷ്, കീനൂര്‍ മണി,കുറുംകുഴലില്‍ മഠത്തിക്കാട്ടില്‍ ശിവരാമന്‍നായര്‍, കൊടകര അനൂപ്, കൊമ്പില്‍ വെള്ളിക്കൊമ്പ് നാരായണന്‍, മച്ചാട് പത്മകുമാര്‍, വലംതലയില്‍ കൊടകര സജി, കൊടകര അനീഷ്, ഇലത്താളത്തില്‍ പറമ്പില്‍ നാരായണന്‍,വട്ടേക്കാട് കനകന്‍ എന്നിവരും പ്രമുഖസ്ഥാനം അലങ്കരിക്കും.
നമ്മുടെ ഉണ്ണി ചേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ആശംസകളോടെ നമ്മുടെ കൊടകര ഡോട്ട് കോം…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!