Breaking News

സന്നിധാനം ശുചീകരിക്കാന്‍ കൊടകരയില്‍നിന്നും 51 പേര്‍ ‘പൂനിലാര്‍ക്കാവില്‍നിന്നും പൂങ്കാവനത്തിലേക്ക്’

കൊടകര ഉണ്ണി
മണ്ഡലതീര്‍ഥാടനത്തിനു വിടപറയുമ്പോള്‍ കലിയുഗവരദനായ ശ്രീധര്‍മശാസ്താവിന്റെ സന്നിധാനവും പരിസരവും ശുചീകരിക്കാന്‍ കൊടകരയില്‍നിന്നും 51 പേര്‍. അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ തൃശൂര്‍ജില്ലയിലെ മുകുന്ദപുരം, ചാലക്കുടി, തലപ്പിള്ളി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, തൃശൂര്‍ എന്നീ ആറു താലൂക്കുകളില്‍നിന്നുള്ള ഭക്തരാണ് ശരണംവിളികളുമായി ഇന്നലെ ശ്രീഭൂതനാഥന്റെ സന്നിധിയിലെത്തിയത്.

ചാലക്കുടി താലൂക്കില്‍നിന്നുള്ള 51 അംഗസംഘം നൂറ്റെട്ട് ദുര്‍ഗാലയങ്ങളില്‍പ്രസിദ്ധമായ കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രസന്നിധിയില്‍നിന്നുമാണ് പൂങ്കാവ നത്തിലേക്ക് ഇന്നലെ രാവിലെ 7.30 ന് യാത്രതിരിച്ചത്. യുവാക്കളും അമ്മമാരും അമ്മൂമ്മമാരും മധ്യവയസ്‌കരുമെല്ലാം സംഘത്തിലുണ്ട്.

പലരും ഷഷ്ഠിപൂര്‍ത്തിയും സപ്തതിയുമൊക്കെപിന്നിട്ടവരെങ്കിലും സ്വാമിയെസേവിക്കാനുള്ള പുണ്യകര്‍മത്തിന് അത്യുല്‍ത്സാഹത്തോടെയാണ് ഇവര്‍ അയ്യപ്പസവിധത്തിലേക്കുപുറപ്പെട്ടത്. സന്നിധാനവും പൂങ്കാവനവുമൊക്കെ വൃത്തിയാക്കാനായി ചൂലും സഞ്ചികളും കോരികകളും കയ്യുറകളുമൊക്കെയെടുത്താണ് ഇവര്‍ പുറപ്പെട്ടത്. ഇവര്‍ക്ക് സേവനസമയത്ത് അണിയാനായി ജാക്കറ്റും തൊപ്പിയുമൊക്ക നല്‍കുന്നത് അയ്യപ്പസേവാസംഘമാണ്.

വ്യാഴാഴ്ച വൈകീട്ട് 2 മണിയോടെ പമ്പയിലെത്തിയ ഇവര്‍ സന്ധ്യോയടെ സന്നിധാനത്തെത്തി ശബരീശ ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ പന്തളം രാജാവിന്റെ പ്രതിനിധി ക്ഷേത്രത്തിന്റെ താക്കോല്‍ തന്ത്രിയെ ഏല്‍പ്പിക്കുകയും തന്ത്രി മേല്‍ശാന്തിയെ ഏല്‍പ്പിക്കുകയും ചെയ്തശേഷം രാജപ്രതിനിധി സന്നിധാനവും പരിസരവും ശുചീകരിക്കാന്‍ അനുമതി നല്‍കും. തുടര്‍ന്ന് തൃശൂരിലെ മറ്റുതാലൂക്കുകളില്‍നിന്നെത്തിയവരും കൊടകരക്കാരും ചേര്‍ന്ന് ഉരുക്കുഴിമുതല്‍ പമ്പവരെ ശുചീകരിക്കും.

ഇന്ന് രാവിലെ മുതല്‍ വൈകീട്ടുവരെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി വൈകീട്ട് ഇവര്‍ തൃശൂരിലേക്ക് മടങ്ങും. അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി ഇ.കൃഷ്ണന്‍നായരുടെ നേതൃത്വത്തിലാണ് ഈ സംഘം സന്നിധാനത്തെത്തിയത്. ഓരോതാലൂക്കിന്റേയും ഭാരവാഹികള്‍ അതാതുസംഘങ്ങളെ നയിക്കുന്നു. ചാലക്കുടി താലൂക്ക് ഭാരവാഹികളായ ഇ.രവീന്ദ്രന്‍, ടി.മോഹനന്‍, പ്രേമന്‍ നെല്ലിപ്പറമ്പ് എന്നിവരാണ് കൊടകരയില്‍നിന്നുംപുറപ്പെട്ട സംഘത്തെ നയിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളിലും ഇവര്‍ ശബരിമലയില്‍ ശുചീകരണത്തിനായ് പോയിരുന്നു. ഇത് നാലാംതവണയാണ് ഇവര്‍ സന്നിധാനത്തെത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!