Breaking News

അനഘയുടെ അച്ഛന് അനന്തുവിന്റെ അച്ഛന്‍ എഴുതുന്നത്…

achanകൊടകര. ചിതയിലേക്ക് അമരുന്നതിന് മുമ്പ് മകളുടെ കാലില്‍ സ്വര്‍ണക്കൊലുസണിയിച്ച് ഒരച്ഛന്‍ കടം വീട്ടിയതു വായിച്ച് ദൂരെ മറ്റൊരച്ഛന്‍ കണ്ണുനീരണിഞ്ഞു. മൂലമറ്റത്ത് പിക്കപ്പ് വാനിടിച്ചു മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി അനഘ (17) യുടെ അച്ഛന്റെ അനുഭവമാണ് ബൈക്കപകടത്തില്‍ മരിച്ച അനന്ത് വിഷ്ണു (22) വിന്റെ അച്ഛനെ ദുഃഖത്തിലാഴ്ത്തിയത്.

എറണാകുളം ലോ കോളേജ് ചെയര്‍മാനായിരുന്ന അനന്ത് വിഷ്ണു കഴിഞ്ഞ ജൂലായ് 15-നാണ് മരിച്ചത്. മരിക്കും മുമ്പ് അവന്റെ ഒരാഗ്രഹം സാധിച്ചു കൊടുക്കാതിരുന്നതിന്റെ വിങ്ങലുമായി അച്ഛന്‍ സോമസുന്ദരം അനഘയുടെ അച്ഛനയച്ച കണ്ണീര്‍ക്കുറിപ്പ്…

പ്രിയ സഹോദരാ…. ഡിസംബര്‍ 27-ന് മാതൃഭൂമിയില്‍ വന്ന ‘പൊന്നുമോളിതു കാണുന്നുണ്ടോ? അച്ഛന്‍ വാക്കുപാലിച്ചു’ എന്ന വാര്‍ത്തയും ചിത്രവും കണ്ടു ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. ഞാനും താങ്കളെപ്പോലെ ദുഃഖം അനുഭവിച്ചു കൊണ്ടിരിക്കുന്നവ്യക്തിയാണ്. കഴിഞ്ഞ ജൂലായ് 15-ാം തീയതി എറണാകുളം ലോ കോളേജ് ചെയര്‍മാനും അവസാനവര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിയുമായ എന്റെ മകനെ എനിക്ക് നഷ്ടമായി. അവന്‍ ക്ലാസ് കഴിഞ്ഞുവരുന്നതും കാത്ത് ഞങ്ങള്‍ ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുമ്പോഴാണ് ദുരന്തവാര്‍ത്ത അറിയുന്നത്. ഒരു ഫാക്ടറി തൊഴിലാളിയായ എന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയാണ് തകര്‍ന്നുപോയത്.

മിടുക്കനും സല്‍സ്വഭാവിയും 22 വയസ്സിനിടെ ഒരുപാട് ബന്ധങ്ങളും ഉള്ള വ്യക്തിയായിരുന്ന അവന്‍. മുന്‍ മുഖ്യമന്ത്രി, പത്തോളം എം.എല്‍.എ.മാര്‍, ഒരു പാട് സംഘടനകള്‍, സുഹൃത്തുക്കള്‍ എന്നിവരൊക്കെ അവന് ഉപചാരം അര്‍പ്പിക്കാന്‍ വന്നിരുന്നു.

ഇനി പറയട്ടെ: എന്റെ മകന് ഒരു വാച്ച് വേണമെന്ന് മോഹമുണ്ടായിരുന്നു. പഴയ വാച്ച് കേടായപ്പോള്‍ അവനത് എന്നോടുപറഞ്ഞു. പക്ഷേ, ഞാനത് അത്രയ്ക്ക് ശ്രദ്ധിച്ചില്ല. വാച്ച് കെട്ടിയില്ലെങ്കില്‍ ആ ശീലം തനിയെ ഇല്ലാതാവുമെന്ന് പറഞ്ഞ് അവന്‍ സ്വയം ആശ്വസിച്ചു… പക്ഷേ, അവന്‍ പോയപ്പോള്‍ ഞാനവന് ഒരു വാച്ച് വാങ്ങി കൊടുക്കാഞ്ഞത് ഒരു നീറ്റലായി എന്റെ ഉള്ളില്‍ക്കിടന്നു… വിഷമിക്കരുത്. പോയവരാണ് നല്ലവര്‍. നമ്മള്‍ ഇനിയും വേദനിക്കാനും ഈ ലോകത്തിലെ ദുരിതങ്ങള്‍ കാണാനും ബാക്കി.

നിങ്ങള്‍ക്ക് നിങ്ങളുടെ മകള്‍ക്ക് ചികിത്സയെങ്കിലും ചെയ്യാനായി. പക്ഷേ, എനിക്കോ അതിനുപോലും അവസരം തന്നില്ല. ഇതെല്ലാം വിധിയാണ്. സഹിച്ചേ മതിയാകൂ. നേരില്‍ കാണണമെന്നും വരണമെന്നും മോഹമുണ്ട്. പക്ഷേ, ആരോഗ്യസ്ഥിതി, ദൂരം എന്നിവ മൂലം കഴിയുന്നില്ല. എങ്കിലും ഞാന്‍ അനില്‍കുമാര്‍ എന്ന കാണാത്ത സഹോദരന്റെ ഹൃദയത്തിനടുത്തുണ്ട്. സമാധാനിക്കൂ… പോയവര്‍ പുണ്യാത്മാക്കള്‍.
സ്‌നേഹപൂര്‍വം,
സോമസുന്ദരം വി.പി.
ചിറ്റഴിയത്ത് വീട്
മറ്റത്തൂര്‍കുന്ന് പി.ഒ.
കൊടകര. തൃശ്ശൂര്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!