കൊടകര : കൊടകരയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊടകര മരുത്തോംപിള്ളിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പീനിക്ക രാജീവിനെ(42)യാണ് ഇന്നലെ വൈകീട്ട് 7 മണിയോടെ വെള്ള ടവേര കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തടയാന്‍ ശ്രമിച്ച രാജിവിന്റെ ഭാര്യ, കുട്ടി, ഭാര്യാമാതാവ് എന്നിവരെ ആക്രമിച്ചശേഷം രാജീവിനെ ബലമായി കാറില്‍കയറ്റുകയായിരുന്നു.
പിടിവലിക്കിടെ രാജീവിന്റെ ഭാര്യയുടെ ആറുപവന്റെ സ്വര്‍ണമാലയും പൊട്ടിച്ചാണ് പ്രതികള്‍ കടന്നത്. എറണാകുളത്ത് മൊബൈല്‍ഫോണ്‍ ഷോപ്പ് ജീവനക്കാരനായ കോടാലി സ്വദേശിയായ രാജീവ് ഏഴു മാസമായി മരുത്തോംപിള്ളിയില്‍ വാടകവീട്ടിലാണ് താമസം. തട്ടിക്കൊണ്ടുപോയ കാര്‍ കൊടുങ്ങല്ലൂരിലെ അഴിക്കോട് ഭാഗത്ത് കണ്ടു എന്നറിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് സംഘം കൊടുങ്ങല്ലൂരില്‍ രാത്രി ഏറെ വൈകിയും അന്വേഷണം നടത്തി. കൊടകര സി.ഐ സുമേഷ്, എസ്.ഐ ജിബുജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.