Breaking News

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളില്‍ ജാഗ്രത വേണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആമുഖപ്രഭാഷണം നടത്തുന്നു.
സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആമുഖപ്രഭാഷണം നടത്തുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളില്‍ ജാഗ്രത വേണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സഭയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ വെല്ലുവിളിയാകുന്നു
കൊടകര: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളില്‍ ജാഗ്രത വേണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് നാമെക്കാലവും വെല്ലുവിളികളെ നേരിട്ടാണു നീങ്ങിക്കൊണ്ടിരുന്നത്.

ഇന്നും പല പ്രശ്‌നങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ന്യുനപക്ഷാവകാശങ്ങളുടെ സംരക്ഷണം നമ്മുടെ നിലനില്പിനും പുരോഗതിക്കും അനിവാര്യമാണ്. സ്‌കൂള്‍, കോളജ് വിദ്യാഭ്യാസമേഖലകളില്‍ മാനേജുമെന്റുകള്‍ക്കുള്ള അവകാശ ങ്ങളും അധികാരങ്ങളും സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ സഭ ജാഗ്രത പാലിക്കണം. പാവപ്പെട്ട കുട്ടികള്‍ക്കു പഠനാവസരങ്ങള്‍ ഒരുക്കാന്‍ നമുക്കു പ്രത്യേക കടമയുണ്ട്.

അനാഥര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പാതയോരമക്കള്‍ക്കും ആകാശപ്പറവകള്‍ക്കും വേണ്ടിയുള്ള സഭയുടെ സേവനം നാം ശക്തമായി തുടരണം. അവിടെയും സര്‍ക്കാര്‍നിയമങ്ങള്‍ അടുത്തകാലത്ത് വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആദിവാസി ക്ഷേമകേന്ദ്രങ്ങള്‍ അടിയന്തിരാവശ്യമാണ്. ദളിത്-ആദിവാസി സഹോദരങ്ങള്‍ക്ക് സഭയ്ക്കുള്ളിലും ഭാരതപൗരന്മാര്‍ എന്ന നിലയിലും എല്ലാവിധത്തിലും തുല്യ അവകാശങ്ങളും ജീവിതസൗകര്യങ്ങളും ഉണ്ടാകണം.സീറോമലബാര്‍ സഭ ഭാരതത്തിലെ മറ്റു രണ്ടു വ്യക്തിസഭകളോടും ചേര്‍ന്നു നല്കിയിട്ടുള്ള സംഭാവനകള്‍ വലുതാണെന്നും ഭാരതത്തിലെ സഭയുടെ മിഷന്‍പ്രവര്‍ത്തനത്തില്‍ വൈദികരും സമര്‍പ്പിതരും അല്മായപ്രേഷിതരും വഹിച്ചിട്ടുള്ള പങ്കു മഹത്തരമാണെും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.

ആത്മീയദാരിദ്ര്യത്തിന് ഭൗതീകസമ്പത്ത് പരിഹാരമല്ല: കര്‍ദിനാള്‍ ക്ലീമിസ്
കൊടകര: ഭൗതികസമ്പത്തല്ല ദൈവത്തില്‍ ആശ്രയിച്ചുള്ള ജീവിതമാണ് ആത്മീയദാരിദ്ര്യത്തിന് പരിഹാരമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ. നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍.

ലാളിത്യമാണ് ഭക്തന്റെ കരുത്ത്.നന്മ ചെയ്യുന്നതിലും പങ്കുവയ്ക്കുന്നതിലും ഉപേക്ഷയുണ്ടാകരുത്. ലോകത്തില്‍ പലയിടത്തും ക്രൈസ്തവ സംസ്‌കാരം അന്യമാക്കപ്പെടുമ്പോള്‍ ഭാരതത്തിലും ലോകത്തിന്റെ മറ്റുപലഭാഗങ്ങളിലും പൗരസ്ത്യ സഭാപാരമ്പര്യത്തില്‍ അധിഷ്ടിതമായി വിശ്വാസസാക്ഷ്യം പകരാന്‍ സീറോ മലബാര്‍ സഭ നടത്തുന്ന ശുശ്രൂഷകള്‍ അഭിമാനകരമാണ്. സീറോ മലബാര്‍ സഭയുടെ മിഷന്‍ ചൈതന്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും മാതൃകയാണെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പറഞ്ഞു. ചിങ്ങവനം ക്‌നാനായ അതിരൂപത വലിയ മെത്രാപ്പോലീത്ത മാര്‍ സെവേറിയോസ് കുരിയാക്കോസും ജോസഫ് മാര്‍ തോമ മെത്രാപ്പോലീത്തയും സന്ദേശം നല്‍കി.

ഹിന്ദിയിലുള്ള ദിവ്യബലിയില്‍ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരായി. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കി.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആമുഖപ്രഭാഷണം നടത്തി.

ജീവിതത്തിലെ ലാളിത്യം എന്ന വിഷയം റവ.ഡോ. ടോണി നീലങ്കാവില്‍ അവതരിപ്പിച്ചു. സിസ്റ്റര്‍ ത്രേസ്യാമ്മ, റവ.ഡോ. ജോസ് കുറിയേടത്ത്, അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബങ്ങളിലെ സാക്ഷ്യം എന്ന വിഷയം റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ അവതരിപ്പിച്ചു. പ്രഫ. ലീന ജോസ്, സിസ്റ്റര്‍ പുഷ്പ, ഫാ. ജോസ് കോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുചര്‍ച്ചകളില്‍ റവ.ഡോ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രഫ. മേരി റെജീന എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഗ്രൂപ്പ് ചര്‍ച്ചകള്‍, റിപ്പോര്‍ട്ട് അവതരണം, സാംസ്‌കാരികപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. അസംബ്ലി നാളെ സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!