കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുുബന്ധിച്ച് കുട്ടികളായ ചൊവ്വല്ലൂര്‍ അനന്തുപ്രകാശും ചൊവ്വല്ലൂര്‍ ശിവപ്രസാദും അവതരിപ്പിച്ച ഇരട്ടത്തായമ്പക ആസ്വാദകര്‍ക്ക് അനുഭൂതിയായി. ചൊവ്വല്ലൂര്‍ സുനിലിന്റെ ശിക്ഷണത്തില്‍ പരിശീലിച്ച ഇവര്‍ 7 മാസംമുമ്പ് ചൊവ്വല്ലൂര്‍ ശിവക്ഷേത്രസന്നിധിയിലാണ് തായമ്പക പരിശീലിച്ച് അരങ്ങേറ്റം കുറിച്ചത്.ഇതിനകം തന്നെ തിച്ചൂര്‍, തിരുവാലൂര്‍, ചൊവ്വല്ലൂര്‍.ഗുരുവായൂര്‍ എന്നിങ്ങനെ ഒട്ടനവധി ക്ഷേത്രാങ്കണങ്ങളില്‍ തായമ്പക അവതരിപ്പിച്ച ഇവരുടെ നാല്‍പ്പതാമത് തായമ്പകയായിരുന്നു പൂനിലാര്‍ക്കാവിലേത്.
ചൊവ്വല്ലൂര്‍ പാറക്കുളങ്ങരവീട്ടില്‍ പ്രകാശ് സൗമ്യ ദമ്പതികളുടെ മകനായ അനന്തുപ്രകാശ് ചൊവ്വല്ലൂര്‍ ആര്‍ത്താറ്റ് ഹോളിക്രോസ് സ്‌കൂളിലെ അഞ്ചാംക്ലാസുകാരനും ചൊവ്വല്ലൂര്‍ കുറുങ്ങാട്ടില്‍ സുനില്‍ രമ ദമ്പതികളുടെ മകനായ ശിവപ്രസാദ് ഇരിങ്ങപ്പുറം യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരനുമാണ്. തായമ്പകയുടെ പതികാലവും ചെമ്പക്കൂറും ഇടകാലവുമായി ഒന്നേമുക്കാല്‍മണിക്കൂറോളം കൊട്ടിത്തിമിര്‍ത്താണ് ഈ കുരുന്നുകള്‍ തായമ്പക കലാശിപ്പിച്ചത്. ചൊവ്വല്ലൂര്‍ സുനില്‍, കാവില്‍ വിജില്‍രാജ് എന്നിവര്‍ ഇടംതലയില്‍ സഹവാദ്യക്കാരായി. കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, നന്തിപുലം ഹരി എന്നിവര്‍ യഥാക്രമം വലംതല, ഇലത്താളം എന്നിവയ്ക്കു നേതൃത്വം നല്‍കി.