Breaking News

ശാസ്താംപുവ്വം ആദിവാസി കോളനിയില്‍ ജലക്ഷാമം രൂക്ഷം

വെള്ളിക്കുളങ്ങര : ആനപ്പാന്തം കാട്ടില്‍ നപുനരധിവസിപ്പിച്ച ശാസ്താംപുവ്വത്തെ കാടര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ലാതെ ദുരിതജീവിതം. തുടര്‍ക്കഥപോലെ എല്ലാ വേനലിലും ഈ കാനനവാസികളുടെ തീരാദുരിതം തുടരുമ്പോഴും ശാശ്വത പരിഹാരത്തിന് ഇനിയും നടപടിയില്ല. പൊള്ളുന്ന വേനല്‍ച്ചൂടില്‍ കുടിനീരുപോലും ആവശ്യത്തിനില്ലാതെ അറുപതിലധികം കുടുംബങ്ങളാണ് കാടിനുള്ളിലെ കുന്നിന്‍ചെരിവുകളില്‍ താമസിക്കുന്നത്. നിരവധി കുരുന്നുകളും പ്രായമായവരും ഇക്കൂട്ടരിലുണ്ട്. കാടിനുള്ളിലെ സ്വാഭാവിക കുളവും നീര്‍ചോലകളും വറ്റിവരണ്ടതോടെയാണ് കാനനവാസികളുടെ ജലക്ഷാമം രൂക്ഷമായത്. വേനലാരംഭത്തില്‍ തൊട്ടേ ഇവരുടെ ജലക്ഷാമവും തുടങ്ങും. കാടിനുള്ളില്‍ ഏറെദൂരം നടന്ന് പുന്നക്കുഴി തോട്ടില്‍നിന്ന് തലച്ചുമടായി വെള്ളം കൊണ്ടുവന്നാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഈ നീര്‍ചോലകള്‍ വറ്റിയതോടെ പല കുടുംബങ്ങളും കോളനിയില്‍നിന്ന് ഉള്‍ക്കാട്ടിലേക്ക് പോകുകയാണ്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നവരും കിലോമീറ്ററുകള്‍ താണ്ടി കാട്ടില്‍ വെള്ളം കുറച്ചെങ്കിലും ശേഷിക്കുന്ന പ്രദേശങ്ങള്‍ തേടി പോകുന്നു.

പകുതിയിലേറെ കുടുംബങ്ങള്‍ ഇപ്പോള്‍ കാടിനുള്ളിലാണ് താമസിക്കുന്നത്. മറ്റത്തൂര്‍ പഞ്ചായത്ത് വണ്ടിയില്‍ എത്തിക്കുന്ന കുടിവെള്ളം കോളനിയില്‍ ശേഷിക്കുന്ന കുടുംബങ്ങള്‍ക്കുപോലും തികയുന്നില്ലെന്ന് ആദിവാസി മൂപ്പന്‍ നടരാജന്‍ പറഞ്ഞു. രാവിലെ പത്തരയോടെ ഒരു വണ്ടി വെള്ളമാണ് കഴിഞ്ഞദിവസം കോളനിയില്‍ എത്തിച്ചത്. മുപ്പതോളം കുടുംബങ്ങള്‍ ഇപ്പോള്‍ കോളനിയില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് കുടിക്കാനും ഭക്ഷണം വെയ്ക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം തികയാത്ത സ്ഥിതിയാണ്.കോളനിയിലെ ജലവിതരണ പദ്ധതിക്കായി 68 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയായെങ്കിലും ഇതുവരെ പ്രവൃത്തികള്‍ ഒന്നുംതന്നെ നടന്നിട്ടില്ലെന്നും മൂപ്പന്‍ പറഞ്ഞു. കോളനിപ്രദേശത്ത് താഴ്ന്ന ഭാഗത്തുള്ള കുളം ആഴംകൂട്ടി കെട്ടി സംരക്ഷിക്കാനും ഉയര്‍ന്ന പ്രദേശത്ത് ടാങ്ക് നിര്‍മ്മിച്ച് വെള്ളം പമ്പ് ചെയ്ത് എല്ലാ വീടുകളിലും എത്തിക്കാനുമാണ് പദ്ധതി. വെള്ളിക്കുളങ്ങരയില്‍നിന്ന് ശാസ്താംപുവ്വത്തേക്ക് മാത്രമായി കുടിവെള്ളവിതരണ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ശാശ്വതമായ ജലവിതരണം നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. വാഗ്ദാനങ്ങളും പദ്ധതികകളും ജലരേഖ മാത്രമാകുമ്പോള്‍ കുടിനീരിന് വകയില്ലാതെ വേനല്‍ച്ചൂടില്‍ ഉരുകുകയാണ് ഇവിടത്തെ കാനനവാസികള്‍. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!