കൊടകര:പഞ്ചായത്തിലെ തേശ്ശേരിയിലും മറ്റത്തൂര്‍ പഞ്ചായത്തിലെ മൂലംകുടം സ്‌കൂളിലും പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു. തേശ്ശേരി പാരീഷ്ഹാളിലെ 17-ാം നമ്പര്‍ ബൂത്തിലാണ് പോളിങ് സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് നീണ്ടത്. വൈകുന്നേരം അഞ്ചേമുക്കാലോടെ നൂറിലേറെപ്പേര്‍ ഇവിടെ വോട്ടുരേഖപ്പെടുത്താനെത്തിയതാണ് പോളിങ് രാത്രി ഏഴര വരെ നീളാന്‍ കാരണമായത്. ഇതിനിടെ വൈദ്യുതി നിലച്ചത് പോളിങ് സ്റ്റേഷനില്‍ വെളിച്ചക്കുറവിനിടയാക്കി.
മറ്റത്തൂര്‍ പഞ്ചായത്തിലെ മൂലംകുടം ശ്രീനാരായണ യു.പി.സ്‌കൂളില്‍ മൂന്നുബൂത്തുകളില്‍ ഒന്നിലാണ് വോട്ടിങ് നീണ്ടത്. രാവിലെ പോളിങ് മന്ദഗതിയിലായിരുന്നു. ഉച്ചകഴിഞ്ഞ് അവസാന മണിക്കൂറുകളിലാണ് ഇവിടേക്കും വോട്ടര്‍മാര്‍ കൂടുതലായും എത്തിയത്. ബൂത്ത് നമ്പര്‍ 132-ലാണ് വോട്ടെടുപ്പ് ഏഴര വരെ വൈകിയത്. ഇവിടെ 74 ആണ് പോളിങ് ശതമാനം. ആകെ 1524 വോട്ടര്‍മാരില്‍ 1128 പേര്‍ വോട്ടുചെയ്തു.
കടപ്പാട് : മാതൃഭൂമി