Breaking News

ഇന്ത്യന്‍ മനസറിഞ്ഞ് സെലേറിയോ

മാരുതിയെപോലെ ഇന്ത്യക്കാരുടെ മനസ്സറിഞ്ഞ മറ്റൊരു വാഹന നിര്‍മാതാക്കളും ഉണ്ടായിട്ടില്ല. വാഹനങ്ങളുടെ, പ്രത്യേകിച്ചും കാര്‍ സംബന്ധമായ എല്ലാ ആവശ്യങ്ങളും മാരുതി എന്നും തൃപ്തികരമായി നിറവേറ്റിയിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളില്‍ എത്ര മത്സരം വന്നാലും മാരുതിയെ പതറാതെ മുന്നേറാന്‍ സഹായിക്കുന്നത് ഈ പിന്‍ബലം തന്നെയാണ്.

സെലേറിയോ എന്ന പുതുപുത്തന്‍ ഹാച്ച്ബാക്ക് ഇന്ത്യന്‍ വാഹന വിപണിയില്‍ അവതരിപ്പിച്ചതിലൂടെ മാരുതി വീണ്ടും ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് – മാന്വല്‍ ഗിയര്‍ ബോക്‌സ് ആണ് സെലേറിയോയുടെ പ്രധാന ആകര്‍ഷണം. സ്ഥിരം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സെലേറിയോയുടെ ഗിയര്‍ബോക്‌സ്. സാധാരണ, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ എന്ന പ്രത്യേക തരം ക്ലച്ച് ഫ്ലൈവീല്‍ ഗിയര്‍ബോക്‌സിന്റെ ഇടയ്ക്ക് പ്രവര്‍ത്തിച്ച് ഗിയറുകള്‍ ആവശ്യാനുസൃതം മാറ്റുകയാണ് ചെയ്യുന്നത്.

ഓട്ടോമാറ്റിക് മാന്വല്‍ ഗിയര്‍ബോക്‌സില്‍ വരുന്നത് സാധാരണ 5-സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ്. എന്നാല്‍, ഗിയര്‍ബോക്‌സിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രത്യേക കമ്പ്യൂട്ടര്‍ ആവശ്യമുള്ള വിവരങ്ങള്‍ ഗിയര്‍ബോക്‌സിലേക്ക് എത്തിക്കുകയും ആ വിവരമനുസരിച്ച് ഗിയര്‍ മാറുകയും ചെയ്യുന്ന സംവിധാനമാണ് സെലേറിയോയില്‍ ഉള്ളത്. സാങ്കേതികമായി വരുന്ന ഈ വലിയ മാറ്റമൊന്നുംതന്നെ ഗിയര്‍ബോക്‌സിന്റെ പ്രവര്‍ത്തനത്തില്‍ കാണാന്‍ സാധിക്കില്ല. എങ്കിലും സാധാരണ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ നിന്ന് അല്‍പം ഗിയര്‍ലാഗ,് ഓട്ടോമാറ്റിക് മാന്വല്‍ ഗിയര്‍ബോക്‌സില്‍ അനുഭവപ്പെടുന്നുണ്ട്.

ഓട്ടോമാറ്റിക് മാന്വല്‍ ഗിയര്‍ബോക്‌സിന്റെ മറ്റൊരു സവിശേഷതയായി പറയുന്നത് ഉയര്‍ന്ന ഇന്ധന ക്ഷമതയാണ്. 23 കി.മി. മൈലേജ് മാരുതി ഈ ഗിയര്‍ബോക്‌സില്‍ ലഭിക്കുമെന്ന് അവകാശപ്പെടുന്നു. പുതിയ സെലേറിയോയില്‍ വരുന്ന 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിന് സമ്മാനമായ ഇന്ധന ക്ഷമത തന്നെയാണ് ഇത്. ഈ രണ്ട് ഗിയര്‍ബോക്‌സും ഘടിപ്പിച്ചിരിക്കുന്നത് മാരുതിയുടെ 998 സി.സിയുള്ള 3 സിലിണ്ടര്‍ കെ 10 ബി എന്ന പെട്രോള്‍ എന്‍ജിനോടാണ്. 68 എച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ പുറപ്പെടുവിക്കുന്നത്. ഉയര്‍ന്ന വേഗത 150 കി.മീ. ആണ്. ഡീസല്‍ എന്‍ജിന്‍ ഇല്ല എന്നത് മാത്രമാണ് ചെറിയ പേരായ്മ.

മാരുതിയുടെ എ-വണ്‍ എന്ന ആശയത്തെ ആസ്പദമാക്കിയാണ് സെലേറിയോയുടെ രൂപഘടന. ഇന്ന് നിലവിലുള്ള മാരുതി മോഡലില്‍ നിന്നും വ്യത്യസ്തമാണ് ഇത്. അതുകൊണ്ടുതന്നെ എതിരാളികള്‍ക്കിടയില്‍ സെലേറിയൊയ്ക്ക് തലയെടുപ്പോലെ നില്‍ക്കാന്‍ സാധിക്കും. മുന്‍വശത്തിന്റെ മുഖ്യാകര്‍ഷണം പുത്തന്‍ ക്രൊംഗ്രില്ലും വലിയ ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാമ്പുമാണ്. വശങ്ങളില്‍ നല്‍കിയിരിക്കുന്ന ക്യാരക്ടര്‍ ലൈന്‍, സെലേറിയോക്ക് കൂടുതല്‍ കരുത്തുറ്റ ഭാവവും നല്‍കുന്നു.

പിന്‍വശവും എ-വണ്‍ ഘടനയില്‍ നിന്ന് അധികം വ്യത്യസ്തത വരുത്താതെ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. മാരുതിയുടെ എ-സ്റ്റാറിനെക്കാള്‍ വലിപ്പമുള്ള സെലേറിയോ ഈ വിഭാഗത്തില്‍ സുന്ദരന്മാരില്‍ ഒരാളായി മാറാന്‍ ഏറെ പാടുപെടേണ്ടി വരില്ല. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ സ്വിഫ്റ്റിന്റെ മാതൃകയിലാണ്. നാല് മുതിര്‍ന്നവര്‍ക്കും കുട്ടിക്കും സുഖപ്രദമായി ഇരിക്കാവുന്ന രീതിയിലാണ് സീറ്റിന്റെ ക്രമീകരണം. ദുര്‍ഘടമായ ഇന്ത്യന്‍ റോഡുകളുടെ അവസ്ഥക്ക് അനുയോജ്യമാണ് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള സസ്‌പെന്‍ഷന്‍. എല്‍.എക്‌സ്. ഐ, വി.എക്‌സ്.ഐ, സെഡ്. എക്‌സ്. ഐ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റിലാണ് സെലേറിയോ ഇറങ്ങുന്നത്. 4.06 ലക്ഷം രൂപ മുതല്‍ 5.14 ലക്ഷം വരെയാണ് എക്‌സ് ഷോറും വില.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!