Breaking News

സസ്യാഹാര പ്രേമികള്‍ക്കായി പച്ചക്കറികളില്‍ നിന്ന് ഗ്രീന്‍മില്‍ക്ക്

Green Milkമൈസൂര്‍: സസ്യാഹാരങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്കായി പോഷകങ്ങള്‍ നല്കാന്‍ കഴിവുള്ള ഗ്രീന്‍മില്‍ക്ക് വരുന്നു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് പച്ചക്കറികളില്‍ നിന്ന് തയ്യാറാക്കിയ, പശുവിന്‍ പാലിനോട് സാമ്യമുള്ള ഗ്രീന്‍ മില്‍ക്ക് വികസിപ്പിച്ചെടുത്തത്. പശുവിന്‍ പാലും മുട്ടയും മീന്‍ എണ്ണകളും കഴിക്കാത്തവര്‍ക്ക് അതില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ നല്കാന്‍ ഗ്രീന്‍ മില്‍ക്കിന് കഴിയും. മൈസൂരില്‍ സി.എഫ്.ടി.ആര്‍.ഐ. നടത്തുന്ന ഭക്ഷ്യമേളയോടനുബന്ധിച്ച് ഗ്രീന്‍മില്‍ക്ക് സന്ദര്‍ശകര്‍ക്ക് നല്കുന്നുണ്ട്. 16 മാസം കൊണ്ടാണ് സി.എഫ്.ടി.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞര്‍ ഇത് നിര്‍മിച്ചത്.

മനുഷ്യശരീരത്തിനാവശ്യമായ ചില പോഷകങ്ങള്‍ പാല്‍, മുട്ട എന്നിവ കഴിക്കുന്നതിലൂടെ മാത്രമേ, ലഭിക്കൂ. എന്നാല്‍ ഈ ആഹാരങ്ങള്‍ ഉപേക്ഷിക്കുന്നതുകാരണം സസ്യാഹാര പ്രേമികള്‍ക്ക് ഈ പോഷകഗുണങ്ങള്‍ ലഭിക്കാറില്ല. ഇതിന് പരിഹാരമായാണ് ഗ്രീന്‍മില്‍ക്ക് കണ്ടെത്തിയിരിക്കുന്നത്. പശുവിന്‍ പാലിനെക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് സി. എഫ്.ടി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. രാം രാജശേഖരന്‍ പറയുന്നു. പാലിന്റെ അതേ നിറംതന്നെയുള്ള ഗ്രീന്‍മില്‍ക്ക് ചായയും കാപ്പിയും തയ്യാറാക്കാനും ഉപയോഗിക്കാം. എന്നാല്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ നശിച്ചു പോകുമെന്നതിനാല്‍ പശുവിന്‍പാല്‍ പോലെ കൂടുതല്‍ തവണ ചൂടാക്കി ഇതുപയോഗിക്കാന്‍ സാധിക്കില്ല. എല്ലാ പ്രായക്കാര്‍ക്കും ഈ പാല്‍ ഉപയോഗിക്കാം. പൊടിരൂപത്തില്‍ ഇത് സൂക്ഷിച്ചുവെക്കാനും സാധിക്കും.

ഇത് അടുത്തുതന്നെ വിപണിയിലെത്തിക്കാനാണ് ശ്രമമെന്ന് സി.എഫ്.ടി.ആര്‍.ഐ. അധികൃതര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്കായിരിക്കും ഇതിന്റെ വിതരണാവകാശം നല്കുക. ലാഭത്തിന്റെ 10 ശതമാനം സി.എഫ്.ടി.ആര്‍.ഐ.ക്ക് ലഭിക്കുകയും ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!