Breaking News

നിത്യ ജീവിതം.

newspapper5 രൂപയ്ക്കാണ് സാധാരണ ദിവസങ്ങളിൽ പത്രം വാങ്ങാറ്. ഇടയ്ക്കൊരു ഞായറാഴ്ച ദിവസം കൈയിലിരുന്ന ചില്ലറ 5 രൂപ കൊടുത്തതിനു ശേഷമാണ് പത്രത്തിനു മുകളിൽ 5.50 (വാരാന്ത്യ സ്പെഷ്യൽ കൂടി ഉള്ളതിനാൽ) എന്നെഴുതിയിരിക്കുന്നത് കണ്ടത്. അത് വാങ്ങിയെങ്കിലും ഒന്നും പറയാത്തതിനാൽ ഇതിന്റെ വിലയെന്തെന്ന് ചോദിച്ചപ്പോൾ “6 രൂപയ്ക്കാണ് കൊടുക്ക്‌ണത്, എങ്കിലും മക്കളടത്ത് ഒള്ളത് തന്നല്ല, അത് മതി” എന്നായിരുന്നു മറുപടി. അത് വേണ്ട, ഇതെടുത്തിട്ടു ബാക്കി തരൂ എന്ന് പറഞ്ഞു ചില്ലറയില്ലാത്തതിനാൽ 100 ന്റെ നോട്ടു കൊടുത്തു നോക്കി. വേണ്ട മോനെ, എന്റെ കയ്യിൽ അതിനു ബാക്കി തരാൻ തെകയൂല്ല.

ഞാൻ പറഞ്ഞു: അത് സാരമില്ല, ബാക്കി അമ്മയുടെ കയ്യിൽ ഇരിക്കട്ടെ, ഇപ്പോൾ ഉടനെ വേണ്ട, ഞാൻ പിന്നെ വാങ്ങിച്ചോളാം. സമ്മതിക്കുന്നില്ല. കൊടുത്തത് മതിയെന്ന നിലപാടിൽ തന്നെ. ശരി എന്നാൽ ബാക്കി നാളെ തരാം എന്ന് പറഞ്ഞു ഞാൻ പോയി. പിറ്റേന്ന് പത്തുരൂപ കൊടുത്തപ്പോൾ ബാക്കി അഞ്ചു തന്നു. ഇന്നലത്തെ ഒരു രൂപ കൂടി എടുക്കാൻ ഓർമ്മപ്പെടുത്തിയപ്പോൾ “അത് വേണ്ട മോനെ, ഇന്നലെ ഞാൻ പറഞ്ഞതല്ലേ” എന്നു പറഞ്ഞ് അടുത്ത ആളിലേക്ക് തിരിഞ്ഞു. ബാക്കി കിട്ടിയ അഞ്ചു രൂപയുടെ നാണയം പിടിച്ചു കുറച്ചു നേരം നിന്ന് ഞാൻ മടങ്ങി.

തിരുവനന്തപുരം കോസ്മോപോളിറ്റൻ ആശുപത്രിക്ക് മുന്നിലുള്ള റോഡരികിൽ എന്നും രാവിലെ കാണുന്ന ദൃശ്യമാണ് ചിത്രത്തിൽ. ആർത്തി നിറഞ്ഞ ലോകത്തിനു മുന്നിൽ ഈ പത്രങ്ങളും മാഗസിനുകളും വിറ്റുകിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന ഒരു പുഞ്ചിരിയുണ്ട് ഈ മുഖത്ത് എപ്പോഴും. 8 ദിവസം ഞാനും ഈ അമ്മുമ്മയുടെ കസ്റ്റമർ ആയിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ എന്റെ മുഖം അതിനൊക്കെ കൊള്ളാമോ മോനെ എന്ന നിഷ്കളങ്കമായ മറുചോദ്യം കേട്ട് ഒരുനിമിഷം ഞാൻ തരിച്ചുപോയി. വെച്ചുകെട്ടും മുഖത്തെഴുത്തുമായി ആർഭാടപൂർവ്വം നിന്നു തരുന്ന ‘കൊള്ളാവുന്ന’വരുടെ ലോകത്തിനു നേർക്ക്‌ ഇതുപോലുള്ള ‘കൊള്ളരുതാത്ത’വരുടെ ചോദ്യങ്ങൾ പ്രകന്പനങ്ങളോ പ്രകോപനങ്ങളോ ആയിത്തീരുന്നുണ്ട്. അനുഭവങ്ങളിൽ നിന്ന് കരുപ്പിടിപ്പിച്ച കരുത്തിൽ നിന്ന് സരളമായി ചോദിക്കുന്ന ചോദ്യം നമ്മുടെ എല്ലാ വിധ ജാഡകളെയും വിയർപ്പിച്ചു വെയിലത്ത് നിർത്തും. ഒടുവില്‍, “വേണ്ടെന്നു പറഞ്ഞാൽ മോന് വിഷമമാവൂലേ, അതുകൊണ്ട് എടുത്തോ” എന്ന ആനുകൂല്യത്തിൽ നിന്നുണ്ടായ ക്ലിക്ക്. photo by Nijaz Asanar

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!