Breaking News

ചന്ദ്രലേഖ പിന്നണി ഗായികയായി ; ഒരു ‘ദര്‍ശന്‍ റിയാലിറ്റി ഷോ’ വിജയഗാഥ.

maxresdefaultകൊച്ചി : ചന്ദ്രലേഖ പിന്നണി ഗായികയായി മാറിയപ്പോള്‍ വിജയിച്ചത് ‘ദര്‍ശന്‍ റിയാലിറ്റി ഷോ’ എന്ന വിധികര്‍ത്താക്കളില്ലാത്ത, അതിര്‍വരമ്പുകളില്ലാത്ത റിയാലിറ്റി ഷോ. ഒരുപാട് പ്രതിഭകള്‍ രാഗവും താളവും തെറ്റാതെ വേണ്ടുവോളം പാടിയിട്ടുണ്ട്. ഒരുപാടുപേര്‍ക്ക് അവരുടെ കഴിവിനൊത്ത് അംഗീകാരവും ലഭിച്ചു. റിയാലിറ്റി ഷോ കാലത്തെ പുത്തന്‍ വഴികളില്‍ കയറിക്കൂടാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയുള്ള മധുര പ്രതികാരമായിരുന്നു ചന്ദ്രലേഖയുടെ പാട്ട്. ലൈവായി ആരും കേള്‍ക്കാനില്ലാത്തവരുടെ പ്രതിനിധിയായി യു ട്യൂബില്‍ ലോകത്തിന് മുന്നിലേക്ക് ചന്ദ്രലേഖയുടെ രാജഹംസം അപ് ലോഡ് ചെയ്തപ്പോള്‍ ദര്‍ശന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു വിജയം. ‘ഒരൊറ്റ പാട്ടുമതി ജീവിതം മാറാന്‍ ‘

Chandralekhaഇപ്പോള്‍ ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ചന്ദ്രലേഖ പാടിയ രാജഹംസം ഏറ്റുവാങ്ങി. ചന്ദ്രലേഖ സിനിമയ്ക്ക് വേണ്ടിയും പിന്നണിഗാനം പാടിയിരിക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും വടശ്ശേരിക്കര പറങ്കിമാംമൂട്ടില്‍ രഘുവിന്റെ അപ്പച്ചിയുടെ മകന്‍ ദര്‍ശന്‍ ആഹ്ലാദിക്കുകയാണ്. ഇന്ന് പ്രശസ്തയായ ചന്ദ്രലേഖയെന്ന ഗായികയുടെ പിറവിക്ക് കാരണമായ ആ പാട്ട് അപ് ലോഡ് ചെയ്ത ദര്‍ശന്‍. ആ അപ് ലോഡ് ഒരു മധുര പ്രതികാരത്തിന്റെയും പരിശ്രമത്തിന്റെയും കഥയാണ് പറയുന്നത്.

ചാനലുകളില്‍ പാടാനുള്ള ശ്രമങ്ങളില്‍ ബന്ധുക്കളും കൂട്ടുകാരുമായ നിരവധി പേര്‍ പരാജയപ്പെട്ടപ്പോഴാണ് യു ട്യൂബ് എന്ന സാധ്യത ആരായുന്നത്. അങ്ങനെ അത്തരം പരാജയം ഏറ്റുവാങ്ങിയവരുടെ ഗാനങ്ങള്‍ ഇന്റര്‍നെറ്റിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ബന്ധു ചന്ദ്രലേഖയെക്കൊണ്ട് മൊബൈല്‍ ക്യാമറയില്‍ പാടിച്ച് യൂ ടുബില്‍ അപ് ലോഡ് ചെയ്താണ് ഒരു വര്‍ഷം മുമ്പ് ലക്ഷ്യത്തിനു തുടക്കമിടുന്നത്. പക്ഷേ കാര്യമായ പ്രതികരണമുണ്ടായില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ വിഡിയോ അപ്‌ലോഡ് ചെയ്യുകയെന്ന പദ്ധതിയില്‍നിന്ന് അല്‍പമൊന്നു പിന്‍വലിഞ്ഞു. ആദ്യത്തെ അപ്‌ലോഡിന് 400 ലൈക്കില്‍ കൂടുതല്‍ ലഭിച്ചിരുന്നില്ല എന്ന് ദര്‍ശന്‍ വി എസ് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞതോടെ ദര്‍ശന്റെ സ്വപ്‌നങ്ങള്‍ക്കും ചിറകു മുളയ്ക്കുകയാണ്.

കോക് സ്റ്റുഡിയോ പാക്കിസ്ഥാന്‍ എന്ന ലോകപ്രശസ്ത ലൈവ് മ്യൂസിക് സീരീസില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഫോക്ക് സ്റ്റുഡിയോ ഇന്ത്യ എന്ന യൂ ടുബ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തത്. ചറപറ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ചും ദര്‍ശന് അഭിപ്രായമില്ല. അപ്‌ലോഡ് ചെയ്യുന്ന വിഡിയോ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അടുത്ത വിഡിയോ എന്ന രീതിയിലാണ് കാര്യങ്ങള്‍. ചന്ദ്രലേഖയെ സോഷ്യല്‍ മിഡിയ അംഗീകരിച്ചതു പോലെ കഴിവുണ്ടായിട്ടും ആരും കാണാതെ പോയ പാട്ടുകാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ദര്‍ശന്‍. റിയാലിറ്റി ഷോകളുടെ കുത്തക തകര്‍ക്കുകയല്ല. അവിടെ പാടാന്‍ കഴിയാത്തവര്‍ക്ക് അവസരം നല്‍കുക. ചെറുപ്പക്കാര്‍ക്കു മാത്രമല്ല പ്രായമായ പാട്ടുകാര്‍ക്കും ഇവിടെ അവസരം നല്‍കുമെന്നും ദര്‍ശന്‍ പറഞ്ഞു.

ചന്ദ്രലേഖയുടെ പാട്ട് ലക്ഷ്യം കണ്ടു. അതു കൊണ്ട് തന്നെ ചന്ദ്രലേഖയുടെ ബന്ധുവായ മനോജും കോന്നി സ്വദേശി സത്യദേവും പാടുന്ന പുഴയോരഴകുള്ള പെണ്ണ് ആലുവാ പുഴയോരഴകുള്ള പെണ്ണ് എന്ന പാട്ട് ദര്‍ശന്‍ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. നല്ല പ്രതികരണങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍. സാധാരണക്കാരുടെ റിയാലിറ്റി ഷോയായി ഇത് മാറ്റുവാനുള്ള ശ്രമത്തിലാണ് കാക്കനാട് സ്വകാര്യകമ്പനിയില്‍ ആനിമേഷന്‍ വിദഗ്ധനായ ദര്‍ശന്‍.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!