Breaking News

എ.ടി. എമ്മിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങൾ.

sbi1എടിഎം എന്നത് ഇന്നത്തെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. പണം കയ്യില്‍ കൊണ്ടു നടക്കണ്ട, ചെക്ക് മാറാനായി ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കുകയും വേണ്ട. ആവശ്യമുള്ളപ്പോള്‍ കാര്‍ഡുമായി ഏതെങ്കിലും എടിഎമ്മില്‍ ചെന്നാല്‍ മാത്രം മതി. ചോദിക്കുന്ന പണം കയ്യിലെത്തും. എത്ര ലളിതം.

ഇപ്പോഴുള്ള എടിഎം മെഷീനുകളില്‍ പണം നിക്ഷേപിക്കാന്‍ കഴിയില്ലെങ്കിലും അതും ചെയ്യാന്‍ പറ്റുന്ന മെഷീനുകളും ഇപ്പോള്‍ വന്നുതുടങ്ങിയിട്ടുണ്ട്. അതോടെ പണം നിക്ഷേപിക്കാനും ക്യൂ നില്‍ക്കേണ്ടി വരില്ല. തിരക്കുപിടിച്ച നമ്മുടെ ജീവിതത്തില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ വലിയ സഹായമാണ് ചെയ്യുന്നതെങ്കിലും അതിന് പിന്നില്‍ ചില ചതിക്കുഴികളുമുണ്ട്. എടിഎം കവര്‍ച്ചകളും എടിഎമ്മില്‍ നിന്ന്‍ പുറത്തിറങ്ങുന്നവരെ ആക്രമിച്ച് പണം പിടുങ്ങുന്നതും ഇന്ന്‍ സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. അല്‍പം ശ്രദ്ധിച്ചാല്‍ ഇതെല്ലാം ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാന്‍ സാധിയ്ക്കും. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1) വിജനമായ പ്രദേശത്തുള്ളതോ കെട്ടിടത്തിന്‍റെ ഒരു അറ്റത്തുള്ളതോ ആയ എടിഎമ്മുകള്‍ ഒഴിവാക്കുക. ഒറ്റ നോട്ടത്തില്‍ പരിസരത്ത് ആരുമില്ല എന്നു തോന്നുമെങ്കിലും ഒരുപക്ഷേ രംഗം വീക്ഷിച്ച് മോഷ്ടാക്കള്‍ അടുത്തുതന്നെയുണ്ടാകും. സഹായത്തിന് അടുത്ത് ആരുമില്ലാത്തത് അപകട സാധ്യത ഇരട്ടിപ്പിക്കും. കെട്ടിടത്തിന്‍റെ മദ്ധ്യഭാഗത്തുള്ള എടിഎമ്മുകളാണ് എപ്പോഴും നല്ലത്. നല്ല വെളിച്ചമുള്ള ബോര്‍ഡ്,ഫ്ലക്സ് തുടങ്ങിയ തടസ്സങ്ങളോ മറവോ ഇല്ലാത്ത എടിഎമ്മുകള്‍ തിരഞ്ഞെടുക്കുവാന്‍ എപ്പോഴും ശ്രദ്ധിയ്ക്കുക.

2) എടിഎം ട്രാന്‍സാക്ഷന്‍ നടത്തുമ്പോഴും പരിസരം വീക്ഷിക്കുക. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഇടക്കിടെ ഉറപ്പ് വരുത്തണം. എടിഎമ്മില്‍ അപരിചിതരുടെ സഹായം സ്വീകരിക്കാതിരിക്കുക. എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ സെക്യൂരിറ്റിയുടെ മാത്രം സഹായം സ്വീകരിക്കുകയോ അല്ലെങ്കില്‍ അവിടെ കൊടുത്തിരിക്കുന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കുകയോ ചെയ്യുക.

3) ട്രാന്‍സാക്ഷന്‍ സ്ലിപ്പുകള്‍ ഒരിക്കലും അലക്ഷ്യമായി ഉപേക്ഷിക്കരുത്. അതില്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ഉണ്ടാകും. അത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ സൂക്ഷിച്ചു വെക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക. പണം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന സ്ലിപ്പ് കുറച്ചു ദിവസം സൂക്ഷിച്ചു വെക്കുന്നത് നല്ലതാണ്. ഒരുപക്ഷേ ലഭിച്ച കറന്‍സിയില്‍ വ്യാജന്‍മാര്‍ ഉണ്ടെങ്കില്‍ പരാതി നല്‍കുമ്പോള്‍ സ്ലിപ്പിലെ വിവരങ്ങള്‍ വേണ്ടി വരും.

4) പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൂടെയുള്ള മറ്റാരും അത് നോട്ട് ചെയ്യാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. ഒരു കൈ കൊണ്ട് മറച്ചുപിടിച്ച് പിന്‍ നമ്പര്‍ കൊടുക്കുന്നത് നല്ലതാണ്. എടിഎമ്മുകളില്‍ സംശയകരമായ എന്തെങ്കിലും വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ ബന്ധപ്പെട്ട ബാങ്കിന്‍റെ നമ്പറില്‍ വിളിച്ചറിയിക്കുക. ഒരുപക്ഷേ അത് നിങ്ങളുടെ പിന്‍ നമ്പര്‍ ചോര്‍ത്തിയെടുക്കാനുള്ള ക്യാമറയോ മറ്റെന്തെങ്കിലും ഉപകരണമോ ആകാം. ഉപയോഗശേഷം കാര്‍ഡ് മെഷീനില്‍ നിന്ന്‍ തിരിച്ചെടുക്കാന്‍ മറക്കരുത്.

5) പുറത്തിറങ്ങിയാല്‍ ആരെങ്കിലും നിങ്ങളെ പിന്തുടരുന്നുണ്ടോ എന്നു ശ്രദ്ധിയ്ക്കുക. സംശയാസ്പദമായി ആരെയെങ്കിലും കണ്ടാല്‍ തിരക്കുള്ള സ്ഥലങ്ങളിലേക്കോ അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കൊ നീങ്ങുക.

6) കാര്‍ഡിന്‍റെ പുറകില്‍ പലരും പിന്‍ നമ്പര്‍ എഴുതി വെയ്ക്കാറുണ്ട്. കാര്‍ഡ് മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ അത് ഇടവരുത്തും. അതിന് പകരം പിന്‍ നമ്പര്‍ ഒന്നുകില്‍ ഓര്‍മയില്‍ സൂക്ഷിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഡയറിയില്‍ എഴുതി വെയ്ക്കുകയോ ചെയ്യുക. മൊബൈലില്‍ നിങ്ങള്‍ക്ക് മാത്രം മനസിലാകുന്ന വിധത്തില്‍ സേവ് ചെയ്തു വെച്ചാലും മതിയാകും.

7) പിന്‍ നമ്പര്‍ ഇടക്കിടെ മാറ്റുക. ജനന തിയതി, വാഹനത്തിന്‍റെ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ പാസ് വേഡായി ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. 1234,1111, 3333, 6969,0000,2000,4444 എന്നിങ്ങനെയുള്ള നമ്പറുകളാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നതെന്ന് അടുത്ത കാലത്ത് നടത്തിയ ഒരു സര്‍വേയില്‍ തെളിഞ്ഞു. ഇവയൊക്കെ ഊഹിക്കാന്‍ എളുപ്പമായത് കൊണ്ട് ധന നഷ്ടത്തിന് ഇടവരുത്തും. അതുപോലെ തന്നെ 19 ല്‍ തുടങ്ങുന്ന പിന്‍ നമ്പറുകള്‍ ഒരുപാട് പേര്‍ ഉപയോഗിക്കുന്നത് കൊണ്ട് അതും സുരക്ഷിതമല്ല.

8) വിലകൂടിയ ആഭരണങ്ങള്‍ ധരിച്ചുകൊണ്ട് എടിഎമ്മില്‍ കയറുന്നത് മോഷ്ടാക്കളെ കൂടുതല്‍ ആകര്‍ഷിക്കും.

9) എടിഎമ്മില്‍ നിന്നോ പുറത്തുവെച്ചോ പണം എണ്ണിനോക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. കാറില്‍ കയറി ഡോര്‍ ലോക്ക് ചെയ്തതിന് ശേഷമോ അല്ലെങ്കില്‍ റൂമില്‍ ചെന്നതിന് ശേഷമോ മാത്രം തുക പരിശോധിയ്ക്കുക. എന്തെങ്കിലും കുറവോ അല്ലെങ്കില്‍ വ്യാജ നോട്ടുകളോ ശ്രദ്ധയില്‍ പെട്ടാല്‍ എടിഎമ്മില്‍ നിന്നു ലഭിച്ച ട്രാന്‍സാക്ഷന്‍ സ്ലിപ്പിനൊപ്പം ബന്ധപ്പെട്ട ബാങ്കില്‍ പരാതി നല്‍കുക.

10) വിശ്വസനീയ കേന്ദ്രങ്ങളില്‍ മാത്രം കാര്‍ഡ് പേയ്മെന്‍റ് നടത്തുക. യാത്രക്കിടയില്‍ വിവിധ കേന്ദ്രങ്ങളില്‍ കാര്‍ഡ് പേയ്മെന്‍റ് നടത്തിയ പലര്‍ക്കും മാസങ്ങള്‍ക്ക് ശേഷവും അക്കൌണ്ടില്‍ നിന്ന്‍ പണം നഷ്ടപ്പെട്ട ചില കേസുകള്‍ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവം നടന്നത് വിദേശത്ത് വെച്ചാണെങ്കില്‍ പണം തിരിച്ചുകിട്ടാന്‍ പ്രയാസമാണ്.

11) ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം താരതമ്യേന സുരക്ഷിതമായിരിക്കും. അവിടെ ഹാക്കിങ് ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ മോഷ്ടാക്കള്‍ ശ്രമിക്കില്ല. സഹായത്തിന് സെക്യൂരിറ്റി ഏത് സമയത്തുമുണ്ടാവും. പരാതി നല്‍കാനും എളുപ്പമാണ്.

12) ബാങ്കില്‍ കാര്‍ഡിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ കഴിവതും മാസ്റ്റര്‍ കാര്‍ഡ് ആവശ്യപ്പെടുക. കാര്‍ഡ് നഷ്ടപ്പെട്ടാലും പിന്‍ നമ്പര്‍ ഇല്ലാതെ അതുവെച്ച് ഷോപ്പിങ് നടത്താന്‍ സാധിക്കില്ല. എന്നാല്‍ വിസ കാര്‍ഡുകള്‍ക്ക് പിന്‍ ഇല്ലാതെ തന്നെ സ്വൈപ്പ് ചെയ്ത് പേയ്മെന്‍റ് നടത്താം. 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!