Breaking News

ഈ റോഡിന് ടോള്‍ എന്തിന്?

kuzhi

പുതുക്കാട് : പിരിച്ചാല്‍ മതിയോ മുതലാളി… അറ്റകുറ്റപ്പണികളും നടത്തേണ്ടേ… മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിലൂടെ പോകുന്ന വാഹനഉടമകളും ഡ്രവര്‍മാരും ചോദിച്ചുകൊണ്ടിരിക്കുന്ന സ്ഥിരം ഡയലോഗാണിത്.

ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസ മുതല്‍ കൊടകര മേല്‍പാലം വരെ യാത്ര ചെയ്താല്‍ കുഴിയില്‍ വീഴാതെ ഒരു വാഹനവും പോകില്ല. മഴ പെയ്തതോടെ കുഴികളുടെ രൂപവും ഭാവവും മാറി. ചെറിയ കുഴികള്‍ വലുതായി. വെള്ളക്കെട്ട് നിറഞ്ഞു കാറുകളടക്കമുള്ള യാത്രികര്‍ കുഴികളില്‍ വീഴുന്നതു പതിവായതോടെ ടോള്‍ പിരിവു കേന്ദ്രത്തിലെത്തിയാല്‍ പരാതിയും വെല്ലുവിളിയും സ്ഥിരമായി. ‘രൂപ തരൂ, മറ്റൊന്നും ഞങ്ങള്‍ക്കറിയില്ല എന്നതാണു പിരിവുകമ്പനിയുടെ നിലപാട്. പണി പൂര്‍ത്തിയാകാത്ത ദേശീയപാതയിലെന്ത് അറ്റകുറ്റപ്പണി എന്ന നിലപാടിലാണു ദേശീയ പാത അധികൃതര്‍. ദിനംപ്രതി കുഴികളുടെ എണ്ണം കൂടുമ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നടപടിയില്ല.

ദേശീയപാതയില്‍ അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍മൂലം റോഡില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ക്കു നഷ്ടപരിഹാരം ഉടമ നല്‍കണമെന്നു ശഠിക്കുന്ന പിരിവുകമ്പനി, റോഡിന്റെ ശോച്യാവസ്ഥ കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ക്കു നഷ്ടം നല്‍കുമോയെന്നു യാത്രികര്‍ ചോദിക്കുന്നു. ഇതിനുപുറമെ പൂര്‍ത്തിയാകാത്ത സര്‍വീസ് റോഡുകള്‍, കാനകള്‍, വഴിവിളക്കുകള്‍, യു ടേണുകള്‍ എന്നിവയെല്ലാം ദേശീയപാതയുടെ ശോച്യാവസ്ഥയ്ക്ക് ഉദാഹരണമാണ്.

ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെയുള്ള പാതയുടെ ഇരുവശങ്ങളിലെയും സര്‍വീസ് റോഡുകള്‍ കുഴികള്‍ നിറഞ്ഞും വശങ്ങളിടിഞ്ഞും കാടു കയറിയും അപകടാവസ്ഥയിലാണ്. ടോള്‍ പിരിവ് ആരംഭിച്ചു സമരപരമ്പര തുടങ്ങിയതോടെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആറു മാസത്തിനുള്ളില്‍ റോഡിന്റെ നിര്‍മാണവും സര്‍വീസ് റോഡ്, കാനകള്‍, വഴിവിളക്കുകള്‍, സിഗ്നല്‍ ലെറ്റുകള്‍, യുടേണുകള്‍, നടപ്പാതകള്‍ എന്നിവയുടെ പണികളും പൂര്‍ത്തീകരിക്കുമെന്നു പ്രഖ്യാപിച്ചു. പിന്നീടു രണ്ടു പ്രാവശ്യംകൂടി ആറു മാസ കാലാവധി നീട്ടി നല്‍കിയെങ്കിലും പണികള്‍ മുന്നോട്ടുപോയില്ല.

സര്‍വീസ് റോഡും വെള്ളം ഒഴുകി പോകാനുള്ള കാനകളും നിര്‍മിക്കാത്തതിനാല്‍ ദേശീയ പാതയോരത്തെ വീടുകളും പറമ്പുകളും വെള്ളക്കെട്ടിലായി. കാനയിലൂടെ വരുന്ന വെള്ളം തൊട്ടടുത്ത തോടുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയിലേക്കു തുറന്നു വിടണമെന്നാണു വ്യവസ്ഥ. എന്നാല്‍ നിലവില്‍ പൂര്‍ത്തിയാകാത്ത കാനകളിലും സമീപത്തെ പറമ്പുകളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവയില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകിയതോടെ ദേശീയപാത കൊതുകുവളര്‍ത്തല്‍ കേന്ദ്രവുമായി മാറി. യുടേണുകള്‍, സര്‍വീസ് റോഡുകളിലേക്കുള്ള തിരിവുകള്‍ എന്നിവയുടെ നിര്‍മാണം പാതി വഴിയില്‍ മുടങ്ങിയതോടെ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ടാറിങ് നടത്താത്ത യുടേണുകളിലാണു ഗര്‍ത്തങ്ങളുള്ളത്.

ദേശീയപാതയില്‍ സിഗ്നല്‍ സംവിധാനങ്ങളുണ്ടെങ്കിലും ആവശ്യനേരത്തു പ്രവര്‍ത്തിക്കില്ല. വെദ്യുതി പോയാല്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന സിഗ്നലുകള്‍ നോക്കുകുത്തികളാകുന്നു. വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രിയായാല്‍ പകുതിയിലേറെയും കത്തുകയില്ല.

ദിശാസൂചികകളുടെ അഭാവം ഒട്ടേറെ അപകടങ്ങള്‍ സൃഷ്ടിച്ച ദേശീയ പാതയില്‍ പിരിവുകമ്പനി ഇപ്പോള്‍ ഇതു തങ്ങളുടെ സ്വകാര്യ സ്വത്താണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ടോള്‍ തന്നു വണ്ടി കൊണ്ടുപോകുക, അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ല എന്നാണു ഫ്രഞ്ചു കമ്പനിയുടെ നിലപാട്. വെള്ളക്കെട്ട്, റോഡിലെ കുഴികള്‍, കാനകള്‍ നിര്‍മിക്കാത്തതിനാല്‍ സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ വെള്ളം കയറി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ദേശീയപാത അധികൃതര്‍ ഇവയ്ക്കൊന്നും നടപടിയെടുക്കുന്നില്ല.

പാലിയേക്കരയിലെ സമരമാണു റോഡ് നിര്‍മാണത്തിനു തടസമെന്ന തൊടുന്യായവും ഒരവസരത്തില്‍ നിര്‍മാണ കമ്പനി ഉയര്‍ത്തിയിരുന്നു. ദേശീയപാതയില്‍ ദിനവും പിരിവിനു നില്‍ക്കുന്ന ഹെവേ പൊലീസ്, പൊലീസ് സംവിധാനങ്ങളും റോഡിലെ കുഴികള്‍ അടയ്ക്കുന്നതിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നില്ല. കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്ന അവസ്ഥയിലാണു ദേശീയപാതയിലെ യാത്രികര്‍. പിരിവിനു കാട്ടുന്ന ശുഷ്കാന്തിയുടെ നൂറിലൊരു ശതമാനമെങ്കിലും അറ്റകുറ്റപ്പണികള്‍ക്കും റോഡിന്റെ പൂര്‍ത്തീകരണത്തിനും വേണ്ടി അധികാരികള്‍ പുലര്‍ത്തിയിരുന്നെങ്കില്‍ മണ്ണുത്തി_ഇടപ്പള്ളി ദേശീയപാത ജനസൗഹൃദ പാത ആകുമായിരുന്നു. കടപ്പാട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!