കൊടകര : സ്കൂള്‍ മുറ്റത്തെ അരയേക്കറില്‍ ചെണ്ടുമല്ലി കൃഷി നടത്തി വസന്തം തീര്‍ക്കാനൊരുങ്ങുകയാണ് ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. നാഷ്ണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റേയും പി.ടി.എ. യുടേയും സംയുക്താഭിമുഖ്യത്തിലാണ് ”എന്റെ വിദ്യാലയം എന്റെ പൂങ്കാവനം” എന്ന പേരിലുള്ള പദ്ധതിയ്ക്ക് തുടക്കമിട്ടത്.
ഒന്നിന് നാല് രൂപ വിലയുള്ള രണ്ടായിരത്തി അഞ്ഞൂറ് ചെണ്ടുമല്ലി തൈകളാണ് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ നട്ടത്. ഓണത്തിന് വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി. ഒപ്പം ഇടവിളയായി ആറുമാസകൊള്ളിയും നടുന്നുണ്ട്. ഉച്ചഭക്ഷണത്തിന് ജൈവപച്ചക്കറി എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണിത്.
മാനേജ്മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന് നമ്പൂതിരി ഉദ്ഘാടനം ചെയ്ത കൃഷിയിറക്കല്‍ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ബി. സജീവ് അദ്ധ്യക്ഷനായിരുന്നു. പി.ടി.എ. ഭാരവാഹികളായ എ.എം. ജോണ്സന്, കെ.ബി. ആരോമുണ്ണി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, തങ്കച്ചന് പോള്‍ എന്നിവര്‍ സംസാരിച്ചു.