അനധികൃതക്രോസിംഗും ബസ്സുകള്‍ പ്രധാനപാതയില്‍ നിര്‍ത്തുന്നതും കാനപണിപൂര്ത്തിയാകാത്തതും അപകടകാരണം
കൊടകര: ദേശീയപാത നാലുവരിയാക്കി നവീകരിച്ചിട്ട് 6 വര്‍ഷത്തിലേറെയായിട്ടും പലഭാഗത്തും നിര്‍മാണം പാതിവഴിയിലാണ്. കൊടകര ഉളുമ്പത്തുംകുന്ന് മുതല്‍ കൊളത്തൂര്വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലും സര്‍വീസ്റോഡ് നിര്‍മിച്ചിട്ടില്ല. ഏറ്റവുംകൂടുതല്‍ വാഹനാപകടങ്ങള്‍ ഈ ഭാഗത്താണ് ഉണ്ടാകുന്നത്. പ്രധാനപാതയോട് ചേര്‍ന്ന് ഇരുവശത്തും വലിയ താഴ്ചയുള്ള പ്രദേശമാണ് കൊളത്തൂര്‍.
വാഹനാപകടങ്ങള്‍ തുടര്‍ച്ചയായതോടെ സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാതെ താത്ക്കാലികമായി കൈവരികള്‍ സ്ഥാപിച്ചിരിക്കയാണിപ്പോള്‍. പ്രധാനപാതയോട് ചേര്‍ന്ന് കൈവരികള്മാത്രം നിര്‍മിച്ച് സര്‍വീസ്റോഡ് നിര്‍മാണം വൈകിക്കുന്നതിനെതിരെ ആക്ഷേപം വ്യാപകമാണ്. പ്രധാനറോഡിലൂടെവന്ന് മറ്റുറോഡിലൂടെ പോകേണ്ട പ്രദേശവാസികളായ യാത്രക്കാര്‍ക്ക് സര്‍വീസ് റോഡില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ഭാഗത്തെ ബസ്സുകളില്‍ ആളെകയറ്റുന്നതും ഇറക്കുന്നതും പ്രധാനപാതയില്തന്നെ നിര്‍ത്തിയാണ്. സ്റ്റോപ്പുകളില്നിര്ത്താനായി ബസ്സുകള്‍ പെട്ടെന്ന് വേഗതകുറയ്ക്കുന്നതുമൂലം പിന്നില്‍വരുന്ന വാഹനങ്ങള്‍ ബസ്സിനുപുറകില് ഇടിച്ചു അപകടങ്ങളുണ്ടാകുന്നു. സര്‍വീസ് റോഡില്ലാത്തഭാഗത്ത് പ്രധാനപാതയോരത്ത് ഭാരവാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. സര്‍വീസ് റോഡിലൂടെ പോകേണ്ട ഇരുചക്രവാഹനങ്ങളടക്കം ചെറിയവാഹനങ്ങള്‍ പ്രധാനപാതയിലൂടെ പോകുന്നതും അപകടങ്ങള്‍ വര്ധിക്കാനിടയാകുന്നു. ദേശീയപാതയില്‍ ഉളുമ്പത്തുംകുന്നിലും കൊളത്തൂരിലുമുള്ള അനധികൃതക്രോസിംഗും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. പ്രധാനപാതയോടേ ചേര്‍ന്ന് നിര്‍മിക്കുന്ന കാന പണിപൂര്‍ത്തിയാക്കാതെ കിടക്കുന്നതും അപകടഭീഷണിയുയര്‍ത്തുന്നു.ദേശീയപാതയില്‍ പാതിവഴിയിലായ സര്‍വീസ്റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.