Breaking News

മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ തൃപ്പേക്കുളം അനുസ്മരണം നടത്തി

thrippekkulam achutha marar

കൊടകര: മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ മേളാചാര്യന്‍ തൃപ്പേക്കുളം അച്ചുതമാരാരുടെ മൂന്നാംചരമവാര്‍ഷികദിനാചരണം നടത്തി. മുതിര്‍ന്ന വാദ്യകലാകാരന്‍ എരവത്ത് രാമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗോപാലകൃഷ്ണന്‍മാരാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി തൃപ്പേക്കുളം അനുസ്മരണം നടത്തി.

സമിതി സെക്രട്ടറി വി.ആര്‍.റിനിത്ത്, ട്രഷറര്‍ ഒ.രാമന്‍, മഠത്തിക്കാട്ടില്‍ ശിവരാമന്‍നായര്‍, ഉണ്ണി പോറോത്ത്, കൊടകര സജി എന്നിവര്‍ പ്രസംഗിച്ചു. വാദ്യകലാകാരന്‍ ചേന്ദമംഗലം ഉണ്ണികൃഷണന്‍മാരാരുടെ അകാലനിര്യാണത്തില്‍ യോഗം അനുശോചിച്ചു. തുടര്‍ന്നിങ്ങോട്ട് എല്ലാവാര്‍ഷികങ്ങള്‍ക്കും മാരാര്‍ എത്താറുണ്ട്. തൃപ്പേക്കുളം അച്ചുതമാരാര്‍ ഓര്‍മയായിട്ട് നാല്മാസം പിന്നിടുമ്പോള്‍ കടന്നുവരുന്ന സമിതിയുടെ വാര്‍ഷികാഘോഷവേളയില്‍ തൃപ്പേക്കുളത്തിനെ സ്മരിക്കുന്നു.

അസുരവാദ്യമായ ചെണ്ടയില്‍ പഞ്ചാരിയുടെ ദേവചൈതന്യം ആവാഹിച്ച തൃപ്പേക്കുളത്തിന്റെ പഞ്ചാരി ആസ്വാദകര്‍ക്ക് അനുപമമായ ആനന്ദവും അനുഭൂതിയുമായിരുന്നു.സാധകസ്പഷ്ടതയും കനവും ഇടംകയ്യിന്റെ ശുദ്ധിയുംചേര്‍ന്ന് കാലപ്രമാണത്തെ നിസ്തുലമാക്കുന്നതാണ് തൃപ്പേക്കുളത്തിന്റെ വാദനവൈഭവം.അതിന് പിന്നോട്ടിറക്കമില്ല.നെല്ലിടനെല്ലിട മുകളിലേക്ക് മാത്രം.പഞ്ചാരി തുടങ്ങിയാല്‍ 10 നാഴിക എന്നാണ് ചൊല്ല്.കാലപ്രമാണത്തിന്റെ കാര്യത്തില്‍ കടുകിട വ്യത്യാസമില്ലാത്ത പ്രമാണി.എത്രമണിക്കൂര്‍ നീളുന്ന മേളമായാലും കണക്കിനു ചിട്ടയ്ക്കുമൊത്തുതന്നെ കൃത്യസമയത്തുമേളം കലാശിപ്പിക്കാനാവുന്ന അപൂര്‍വമേളപ്രമാണി.

പഞ്ചാരിയുടെ ഈറ്റില്ലമായ തൃശൂര്‍ ഊരകത്ത് അമ്മതിരുവടി ക്ഷേത്രത്തിനു സമീപം തൃപ്പേക്കുളത്ത് മാരാത്ത് പാപ്പിമാരസ്യാരുടേയും സീതാരാമന്‍ എമ്പ്രാന്തിരിയുടേയും മകനായാണ് മാരാരുടെ ജനനം.പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയ മാരാര്‍ മേളവിദുഷിയായിരുന്ന തൃപ്പേക്കുളം ഗോവിന്ദമാരാരില്‍നിന്നും ക്ഷേത്രാടിയന്തിരച്ചടങ്ങുകള്‍ സ്വായത്തമാക്കി.വാദ്യകലയില്‍ ആദ്യംഅഭ്യസിച്ചത് തവില്‍ ആയിരുന്നു.നെല്ലിക്കല്‍ നാരായണപ്പണിക്കരായിരുന്നു തവിലില്‍ ഗുരു.തവില്‍കൂടാതെ തിമിലയിലും തൃപ്പേക്കുളം ഏറെ ശ്രദ്ദേയനായിരുന്നു.

യശശരീരനായ അന്നമനട പരമേശ്വരമാരാരില്‍നിന്നും തിമിലയില്‍ ശിക്ഷണം നേടിയിരുന്നു.എന്നാല്‍ തവിലിലും തിമിലയിലുമല്ല കേരളത്തിന്റെ സ്വന്തം ശബ്ദമായ ചെണ്ടയിലാണ് തൃപ്പേക്കുളം ചക്രവര്‍ത്തിയായത്.ചെണ്ടയില്‍ സുഹുത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന പെരുവനം അപ്പുമാരാര്‍,ചക്കംകുളം അപ്പുമാരാര്‍,കുമരപുരം അപ്പുമാരാര്‍ എന്നിവരുടെ നിര്‍ദേശങ്ങളും ഒപ്പമുള്ള പ്രയോഗവും മാരാരെ കിടയററ മേളവിദ്വാനാക്കി മാറ്റി.

തവില്‍, തിമില, ചെണ്ട, ഇടയ്ക്ക, മദ്ദളം ,ഗഞ്ചിറ, എന്നിങ്ങനെ സമസ്ത ചര്‍മവാദ്യകലകളിലും മാരാര്‍ പ്രവീണനായിരുന്നു എന്നത് എല്ലാ മേളപ്രേമികള്‍ക്കും അറിവുള്ള കാര്യമല്ല.വിശിഷ്ട ക്ഷേത്രച്ചടങ്ങുകളായ പാണി,ഉത്സവബലി,കൊട്ടിപ്പാടിസേവ എന്നിവയിലെല്ലാം അഗാധമായ അറിവും നിഷ്‌കര്‍ഷയും മാരാര്‍ക്കുണ്ടായിരുന്നു.

പതിനാറാമത്തെ വയസ്സില്‍ തുടങ്ങിയ പ്രയാണം പ്രമാണത്തിന്റെ പൊന്‍തേറിലേറി നവതിപിന്നിട്ടിട്ടും തുടര്‍ന്നു.അതെ; 2012 ല്‍ 91 വയസ്സിലും മാരാര്‍ സംഗമേശന്റെ പഞ്ചാരിക്കു പ്രമാണം വഹിച്ചുവെന്നത് ചരിത്രമാകും.കഴിഞ്ഞ പിറന്നാള്‍ദിനത്തില്‍ കന്നിമാസത്തിലെ പൂരം നക്ഷത്രത്തില്‍ പേരമകന്‍ സന്ദീപിനോട് സോപാനസംഗീതം ആലപിക്കാന്‍ പറഞ്ഞ മാരാര്‍ ഇടയ്ക്കയെടുത്ത് അരമണിക്കൂറോളം വാദനം നടത്തി.

അവനദ്ധവാദ്യത്തിലെ അഭിമാനതാണ്ഡവമായ അച്ചുതമാരാര്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങളും അവാര്‍ഡുകളും നിരവധിയാണ്.കേന്ദ്ര-കേരള സംഗീതനാടകഅക്കാദി അവാര്‍ഡുകള്‍,പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം,പാറമേക്കാവ്-തിരുവമ്പാടി വീരശൃംഗല,കലാമണ്ഡത്തിന്റെ മേളാചാര്യ പുരസ്‌കാരം,മാരാര്‍ ക്ഷേമസഭയുടെ വാദിത്രരത്‌നം ,ഇരിങ്ങാലക്കുട പൗരാവലിയുടെ മേളജലധി പുരസ്‌കാരം,വേലുപ്പിള്ളിക്ഷേത്രത്തിലെ വാദ്യകലാരത്‌ന, തൃപ്പൂണിത്തുറക്ഷേത്രത്തിലെ പൂര്‍ണത്രയ മേളകലാ കൗസ്തുഭം, വലയാധീശ്വരി പുരസ്‌കാരം, ശ്രീശാസ്താപുരസ്‌കാരം, പെരുവനം അപ്പുമാരാര്‍ പുരസ്‌കാരം,കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ സുവര്‍ണമുദ്ര, താമരക്കുളങ്ങര ക്ഷേത്രകലാചക്രവര്‍ത്തി, കൂടല്‍മാണിക്യ സുവര്‍ണമുദ്ര, നടവരമ്പ്‌ലതൃപ്പയ്യ സുവര്‍ണമുദ്ര, തിരുവമ്പാടി കുന്‍ സ്മാരക സുവര്‍ണമുദ്ര, ഇരിങ്ങാലക്കുട ടി.എന്‍.നമ്പൂതിരി സ്മാരക അവാര്‍ഡ്, പ്രഥമ അന്നമനട ത്രയം അവാര്‍ഡ് എന്നിവ ഇതില്‍ ചിലതുമാത്രം.

ഇക്കഴിഞ്ഞ ജനുവരി 5 ന് പഞ്ചാരിയുടെ അഞ്ചാംനൂറ്റാണ്ടില്‍ ഊരകത്ത് വച്ചുനടന്ന അക്ഷരകാലം പരിപാടിയില്‍ തൃപ്പേക്കുളത്തിനെ ആദരിച്ചത് വീരശൃംഖല അണിയിച്ചാണ്. പരേതയായ പത്മാക്ഷി മാരസ്യാര്‍ പത്‌നിയും രാധ, ഇന്ദിര, ശ്യാമള, വേണുഗോപാലന്‍, രാജലക്ഷ്മി എന്നിവര്‍ മക്കളുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!