Breaking News

രുചിയില്‍ കയ്‌പ്പും ഗുണത്തില്‍ മധുരവും.

Bitter-Gourdഔഷധഗുണത്തിന്റെ കാര്യത്തില്‍ പാവയ്‌ക്ക നിസാരക്കാരനല്ല. രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ്‌ പാവയ്‌ക്ക.

പാവയ്‌ക്ക അല്ലെങ്കില്‍ കയ്‌പക്ക എന്നുകേള്‍ക്കുമ്പോള്‍തന്നെ നാവിലൊരു കയ്‌പുരസം ഊറിവരും. മറ്റു പച്ചക്കറികളെ അപേക്ഷിച്ച്‌ കാഴ്‌ചയില്‍ അത്ര ചന്തമൊന്നും പാവയ്‌ക്കക്കില്ല. എന്നാല്‍ ഔഷധഗുണത്തിന്റെ കാര്യത്തില്‍ പാവയ്‌ക്ക നിസാരക്കാരനല്ല.
രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ്‌ പാവയ്‌ക്ക. വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ്‌ പാവയ്‌ക്കകൊണ്ട്‌ ഉണ്ടാക്കുന്നത്‌. പാവയ്‌ക്ക ഉപ്പേരി, അവിയല്‍, തീയല്‍ തുടങ്ങി നാവില്‍ രുചിയൂറുന്ന വിഭവങ്ങളായി പാവയ്‌ക്ക മലയാളിയുടെ തീന്‍മേശയിലെത്തുന്നു. പാവയ്‌ക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്‌. കയ്‌പുരസമുണ്ടെങ്കിലും വിഭവമായി എത്തുമ്പോള്‍ അതു രുചികരമാകുന്നു. പാവയ്‌ക്ക അച്ചാര്‍ മലയാളിക്ക്‌ എന്നും പ്രിയങ്കരമാണ്‌. പാവയ്‌ക്ക, നാളികേരം, ഉള്ളി, വെളുത്തുള്ളി, മുളക്‌, പുളി, ഉപ്പ്‌ ഇവപാകത്തിനു ചേര്‍ത്ത്‌ തയാറാക്കുന്ന ചമ്മന്തി ദഹനത്തെ സഹായിക്കുന്നു. രുചിയിലും ബഹുകേമം തന്നെ.

രോഗശമനത്തിന്‌

പാവയ്‌ക്ക രോഗശമനത്തിന്‌ മുന്നിലാണ്‌. പാവയ്‌ക്കയുടെ കയ്‌പുരുചിതന്നെ മരുന്നാണ്‌. പാവല്‍ ഇല, പാവയ്‌ക്കാ കുരു ഇവ ഔഷധമായി ഉപയോഗിക്കുന്നു. അമിത വണ്ണത്തിനും പ്രമേഹത്തിനും പാവയ്‌ക്കയുടെ ഉപയോഗം ഫലപ്രദമാണ്‌. പാവലിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ ഒരു ടീസ്‌പൂണ്‍ വിതം 2 നേരം സേവിച്ചാല്‍ ദുര്‍മേദസ്‌ കുറയുന്നു. പ്രമേഹമുള്ളവര്‍ 2 ഔണ്‍സ്‌ പാവയ്‌ക്കാ നീര്‌ തേന്‍ ചേര്‍ത്ത്‌ കവിള്‍കൊള്ളുന്നത്‌ തൊണ്ടയിലെ അണുബാധയ്‌ക്കും വായ്‌പ്പുണ്ണിനും നല്ലതാണ്‌. ‘മൊമോര്‍ഡിക്ക ചാറല്‍ഷ്യലിന്‍’ എന്നതാണ്‌ പാവയ്‌ക്കയുടെ ശാസ്‌ത്രനാമം. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ ഇവ നിയന്ത്രിക്കുന്നതിനും ആയുര്‍വേദ ഔഷധങ്ങളിലും ഇത്‌ വ്യാപകമായി ഉപയോഗിക്കുന്നു.

അമിത വണ്ണവും അര്‍ശസും

പാവയ്‌ക്കയും അരയാലിലയും ചതച്ച്‌ മോരില്‍ കലക്കി ദിവസവും കഴിച്ചാല്‍ അര്‍ശസിന്‌ ശമനം ലഭിക്കും. പാവയ്‌ക്കയുടെ നീരും ഞാവല്‍ പഴവും ചേര്‍ത്ത്‌ (60 മില്ലി വീതം 2 നേരം) സേവിച്ചാല്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സാധിക്കും. ഞാവല്‍ക്കുരുവും പാവയ്‌ക്കാക്കുരുവും പൊടിച്ചുചേര്‍ത്ത്‌ ഒരു ടീസ്‌പൂണ്‍ വീതം ചൂടുവെള്ളത്തില്‍ രണ്ടുനേരം സേവിച്ചാല്‍ അമിത വണ്ണം നിയന്ത്രിക്കാം.

പാവയ്‌ക്കയുടെ നീര്‌ വിപണിയില്‍ ഇന്ന്‌ ലഭ്യമാണ്‌. കരേല ജൂസ്‌ എന്ന പേരിലും കരേല ജാമുള്‍ എന്ന പേരിലും വിവിധ കമ്പനികള്‍ വില്‍പനയ്‌ക്ക് എത്തിച്ചിട്ടുണ്ട്‌. ആര്‍ത്തവ സംബന്ധമായ വയറുവേദനയുള്ളവര്‍ ഒരു ഔണ്‍സ്‌ പാവയ്‌ക്കാ നീര്‌ അര ഔണ്‍സ്‌ തേനും അല്‍പം തിളപ്പിച്ചാറ്റിയ വെള്ളവും ചേര്‍ത്ത്‌ രണ്ടും നേരം സേവിച്ചാല്‍ വേദന മാറിക്കിട്ടും.

ഡോ. പി. കൃഷ്‌ണദാസ്‌

ചീഫ്‌ ഫിസിഷന്‍ , അമൃതം ആയുര്‍വേദ ഹോസ്‌പിറ്റല്‍
ആന്‍ഡ്‌ റിസര്‍ച്ച്‌സെന്റര്‍, പെരിന്തല്‍മണ്ണ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!