Breaking News

മറ്റത്തൂരില്‍ തെങ്ങ്,ജാതി വളം വിതരണം കര്‍ഷകരെ വഞ്ചിച്ചതായി ആക്ഷേപം.

മറ്റത്തൂര്‍ : മറ്റത്തൂര്‍ കൃഷിഭവനില്‍ നിന്നും മുന്‍വര്‍ഷങ്ങളില്‍ തെങ്ങ് ജാതി കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്ന വളം ഈ വര്‍ഷം വളരെ കുറച്ച് കര്‍ഷകര്‍ക്ക് മാത്രമേ അനുവദിച്ചുള്ളൂ എന്ന് വ്യാപക പരാതി. മുന്‍ വര്‍ഷങ്ങളില്‍ തെങ്ങിനും ജാതിക്കുമുള്ള വളം വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നാളികേര ക്ലസ്റ്ററുകള്‍,കര്‍ഷക സംഘങ്ങള്‍ എന്നിവ വഴി അപേക്ഷകള്‍ സ്വീകരിച്ചാണ് വിതരണം ചെയ്തിരുന്നത്.ഈ സംവിധാനം മൂലം അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും വളം ലഭിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷം നാളികേര ക്ലസ്റ്ററുകളെയും കര്‍ഷകസംഘങ്ങളേയും ഒഴിച്ച് നിര്‍ത്തി അതാത് ഗ്രാമസഭകള്‍ വഴി വ്യക്തിഗത ആനുകൂല്യങ്ങളോടൊപ്പം അപേക്ഷ സ്വീകരിച്ചതാണ് കര്‍ഷകര്‍ക്ക് വിനയായത്.എല്ലാ വ്യക്തിഗത  ആനുകൂല്യങ്ങള്‍ക്കും ഒരേ അപേക്ഷാഫോം തന്നെയാണ് വിതരണം ചെയ്തിരുന്നത്. ഇതില്‍ വളംവിതരണം എന്നതിന് പകരം തെങ്ങ് പുരയിടകൃഷി,ജാതികൃഷി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്.

ഇത് തെങ്ങിന്‍ തൈകളും ജാതിതൈകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് എന്ന് തെറ്റിദ്ധരിച്ചതിനാല്‍ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത്. ഈ കര്‍ഷകരെയാണ് വളം അനുവദിച്ച ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മുന്‍പ് ഓരോ വാര്‍ഡില്‍ നിന്നും വളത്തിനായി നൂറുകണക്കിന് അപേക്ഷകരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്തും ഇരുപതും പേര്‍ മാത്രമാണ് ലിസ്റ്റിലുള്ളത്. ഇത് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കര്‍ഷകരുടെ പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്.

തെങ്ങ്,ജാതി കൃഷി വികസനത്തിനായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് നിലവിലുള്ളപ്പോള്‍ ഇത് ലാപ്‌സാക്കിക്കളയാതെ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയിരുന്നത് പോലെ നാളികേര ക്ലസ്റ്ററുകളും,കര്‍ഷക സംഘങ്ങളും വഴി അപേക്ഷകള്‍ സ്വീകരിച്ചു് പരമാവധി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!