Breaking News

നിറങ്ങളില്‍ നീരാടി കൊടകര ഷഷ്ഠി 

kodakarashashti kodakarashashtiqകൊടകര:വീഥികളില്‍ വിസ്മയക്കാഴ്ചകളൊരുക്കി കാവടിക്കൂട്ടങ്ങള്‍ വിലാസനൃത്തത്തിനിറങ്ങിയ കൊടകര കുന്നത്തൃക്കോവില്‍ ഷഷ്ഠി വര്‍ണാഭമായി.വിവിധദേശങ്ങളില്‍നിന്നെത്തിയ കാവടിസംഘങ്ങള്‍ വര്‍ണക്കാവടികളാല്‍ വസന്തോത്സവം തീര്‍ത്തപ്പോള്‍ നിലക്കാവടികള്‍ നിറഞ്ഞാടി.

നിശ്ചലദൃശ്യങ്ങളും പഞ്ചാരിമേളവും വിവിധകലാരൂപങ്ങളും ആഘോഷത്തിന് മിഴിവേകി. പുലര്‍ച്ചെ 4 ന് കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ മേല്‍ശാന്തി നന്ത്യാര്‍ളിമൂര്‍ക്കനാട്ട് മനയ്ക്കല്‍ ശ്രീധറന്‍ നമ്പൂതിരി ക്ഷേത്രനടതുറന്നതോടെ ഷഷ്ഠച്ചടങ്ങുകള്‍ക്ക് തുടക്കമായി. പൂനിവാര്‍ക്കാവ് ദേവസ്വത്തിന്റേതായിരുന്നു ആദ്യ അഭിഷേകം.തുടര്‍ന്ന് വിവിധകാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകം നടന്നു.രാവിലെ 9 മണിയോടെ കാവടി സംഘങ്ങള്‍ അവരുടെ ആസ്ഥാനത്തുനിന്നും കാവടിയാട്ടം ആരംഭിച്ചു.

ഷഷ്ഠി മഹോത്സവം കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെയാണങ്കിലും കാവിടയാട്ടം മുഴുവന്‍ പൂനിലാര്‍ക്കാവ് മൈതാനിയിലായിരുന്നു.വിശ്വബ്രാഹ്മണസമാജമാണ് ഉച്ചക്ക് 12 മണിയോടെ ആദ്യം ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കാവടിക്കൂട്ടങ്ങളുടെ വരവായി. വൈകീട്ട് 4 മണിയോടെ പകല്‍ കാവടിയാട്ടം അവസാനിച്ചു. വൈകീട്ട് കാവില്‍ എന്‍.എസ്.എസ് കരയോഗം സെറ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നത്തൃക്കോവിലിലേക്ക് ഭസ്മക്കാവടി ഉണ്ടായി.

നിരവധി ഭക്തര്‍ കവിളില്‍ ശൂലമേന്തി ഹരഹരോ മന്ത്രമോതി കുന്നത്തൃക്കോവിലിലേക്ക് തപ്പുവാദ്യവും പൂക്കാവടികളുമായി പുറപ്പെട്ടു. തുടര്‍ന്ന് കുന്നത്തൃക്കോവിലില്‍ കേളി.പറ്റ്, എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ് കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി മനക്കുളങ്ങര, കെ.പി.എം.എസ്. കാവുംതറ, മരത്തംപിള്ളി പുലയര്‍ സമാജം, കുമ്പാരസമുദായം, ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസമാജം, പുലിപ്പാറക്കുന്ന് യുവജനസംഘം , കൊടകര ടൗണ്‍, അഴകം യുവജന സംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, കാരൂര്‍ അരുണോദയം യുവജനസംഘം, ഏകലവ്യ ഗാന്ധിനഗര്‍ എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി. രാത്രിയിലും കാവടിസംഘങ്ങള്‍ പകലത്തേപ്പോലെ പൂനിലാര്‍ക്കാവിലെത്തി. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് കാവടിയാട്ടത്തിന് സമാപനമാകുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!