Breaking News

യാത്രക്കാരില്ല : നെല്ലായി റെയില്‍വേസ്റ്റേഷന്റെ നിലനില്‍പ്പ് പ്രതിസന്ധിയില്‍

കൊടകര: നിത്യേന 12 പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന നെല്ലായി റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാരുടെ കുറവുമൂലം സ്റ്റേഷന്റെ നിലനില്‍പ്പ് പ്രതിസന്ധിയില്‍. ഇവിടെ നിന്നും ഒരു ട്രെയിനില്‍ ശരാശരി 8 പേര്‍ മാത്രം കയറുമ്പോള്‍ സ്റ്റേഷനില്‍നിന്നും റെയില്‍വേക്ക് ലഭിക്കുന്ന വരുമാനം 2300 രൂപമാത്രമാണ്.

ചുരുങ്ങിയത് ഒരു ട്രെയിന് ഒരു ദിവസം 20 യാത്രക്കാരും ദിവസവരുമാനം 5000 രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ് സ്റ്റേഷന്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ റെയില്‍വേ തയ്യാറാവുകയുള്ളൂ. അതനുസരിച്ച് ദിവസം 12 ട്രെയിനുകളിലായി 20 പേര്‍വീതം കയറുമ്പോള്‍ 240 പേര്‍ ഇവിടെ നിന്നും കയറേണ്ടസ്ഥാനത്ത് വെറും 100 പേര്‍ മാത്രമാണ് ഈ സ്റ്റേഷനില്‍ നിന്നും യാത്രചെയ്യുന്നത്. കാലത്ത് എറണാകുളം-ഗുരുവായൂര്‍ ട്രെയിനും ഗുരുവായൂര്‍ -എറണാകുളം ട്രെയിനുമാണ് കൂടുതല്‍ യാത്രക്കാര്‍ ഇവിടെ നിന്നും കയറുന്നത്.

സ്റ്റേഷന്റെ നടത്തിപ്പ് കരാര്‍ ഏറ്റെടുക്കുന്നവര്‍ ഇവിടെനിന്നുള്ള യാത്രക്കാര്‍ കുറവാണെന്ന കാരണത്താല്‍ കരാര്‍ ഉപേക്ഷിച്ചുപോകുകയാണ്. ലാഭകരമല്ലാത്തതിനാല്‍ ചില ട്രെയിനുകളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കാനും സാധ്യതയുണ്ടെന്നറിയുന്നു. ട്രെയിന് മിനിമം 10 രൂപയാണെങ്കിലും ഈ ടിക്കറ്റിന് വടക്കോട്ട് ഗുരുവായൂര്‍, വടക്കാഞ്ചേരി വരേയും തെക്കോട്ട് കളമശ്ശേരി വരേയും യാത്രചെയ്യാമെന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. രാത്രി 8.55 നും 12.15 നുമുള്ള ഗുരുവായൂര്‍ ട്രെയിനില്‍ പോയാല്‍ നിര്‍മാല്യവും വാകച്ചാര്‍ത്തും തൊഴുത് അതേ ട്രെയിനുകളില്‍ തന്നെ രാവിലെ തിരികെ പോരാവുന്നതും ഏറെ സൗകര്യമാണ്.

പാസഞ്ചേഴ്‌സ് അസോസിയേഷന്റേയും സംരക്ഷണസമിതിയുടേയും സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഇവിടെ ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ റെയില്‍വേ അധികൃതര്‍ നടത്തിയിട്ടുണ്ട്. എന്തൊക്കെയുണ്ടായാലും കൂടുതല്‍ യാത്രക്കാര്‍ ഈ റെയില്‍വേസ്റ്റേഷനില്‍ നിന്നും യാത്രതുടങ്ങിയാലേ ഈ സ്റ്റേഷന് നിലനില്‍ക്കാനാവൂ.കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!