Breaking News

അമ്മിണിയമ്മക്കും മകനും മഴകൊള്ളാതെ കിടക്കാം ; വീടിന്റെ താക്കോല്‍ ദാനം നടത്തി

Sahrdaya House Construction -  29.6.2016കൊടകര: പുലിപ്പാറക്കുന്ന് സ്‌കൂളിനടുത്ത് താമസിക്കുന്ന വലിയപറമ്പില്‍ പരേതനായ മണിയുടെ ഭാര്യ എഴുപത്തിനാലുകാരി അമ്മിണിയമ്മക്കും മകന്‍ സുകുവിനും ഇനി മഴകൊള്ളാതെ സ്വന്തം വീട്ടില്‍ താമസിക്കാം. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം നടത്തി. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വീടിന്റെ താക്കോല്‍ അമ്മിണിയമ്മക്ക് നല്കി.

കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു.പാവപ്പെട്ടവന് തങ്ങളുടെ അദ്ധ്വാനത്താല്‍ വീട് നിര്‍മ്മിച്ച് നല്കിയതിന്റെ അഭിമാനത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയുമാണ് വിദ്യാര്‍ത്ഥികള്‍ ചടങ്ങിനെത്തിയത്. അസുഖവും പ്രായവും തളര്‍ത്തിയ അമ്മിണിയമ്മക്കും അവിവാഹിതനായ മകനും വീടില്ലാതായിട്ട് വര്‍ഷങ്ങളായി. പ്ലാസ്റ്റിക് മേഞ്ഞ ഷെഡിലും മഴക്കാലത്ത് ബന്ധുക്കളുടെ വീട്ടിലുമാണ് ഇവര്‍ താമസിച്ചിരുന്നത്.പണിക്ക് പോകാന്‍ പറ്റാത്ത ഇരുവരും ആടുകളെ വളര്‍ത്തി ലഭിക്കുന്ന തുച്ചമായി വരുമാനം കൊണ്ടാണ് കഴിയുന്നത്. ഇവരുടെ സ്ഥലത്തിന് പട്ടയമില്ലാത്തതിനാലും തര്‍ക്ക ഭൂമിയായതിനാലും വീട് പണിയാന്‍ സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

നാട്ടുകാരും സുമനസുകളും സഹായിച്ച് വീട് നിര്‍മ്മാണം തുടങ്ങിയെങ്കിലും ഭിത്തി പോലും പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല. ഇതറിഞ്ഞാണ് സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാന്‍ ആലോചിച്ചത്.കോളേജിലെ മൂന്നാം വര്‍ഷ സിവില്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സഹൃദയം 2016 എന്ന പേരില്‍ പദ്ധതി തയ്യാറാക്കി.ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വീട് നിര്‍മ്മാണത്തിന് സമാഹരിച്ചു.വീടിന്റെ വാര്‍ക്കക്ക് പണിക്കാരായി എത്തിയത് കോളേജ് യൂണിഫോമിലെത്തിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായിരുന്നു. വീടിന്റെ വാര്‍ക്ക,തേപ്പ്,വയറിംഗ്,പ്ലംമ്പിഗ്,തറ ടൈലിടല്‍, ശുചിമുറി തുടങ്ങി മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി.

വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും സുമനസുകളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ചാണ് ഇതിനായി പണം കണ്ടെത്തിയത്. വിദഗ്ദ തൊഴിലാളികളോടൊപ്പം വിദ്യാര്‍ത്ഥികളും നിര്‍മ്മാണ ജോലികളില്‍ സഹായിച്ചതിനാല്‍ പണിക്കൂലിയില്‍ വലിയ ലാഭമുണ്ടായി. ചടങ്ങില്‍ സഹൃദയ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, അസോ. ഡയറക്ടര്‍ ഫാ. ഡോ. ജോജി പാലമറ്റത്ത്, പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി,ഡയറക്ടര്‍ പ്രൊഫ.കെ.ടി.ജോസഫ്,സിവില്‍ വിഭാഗം മേധാവി പ്രൊഫ.സി.പി.സണ്ണി,വാര്‍ഡ് മെമ്പര്‍ ഷൈനി ബാബു,വൈസ് പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!