കൊടകര : മേഖലയിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും കൃത്യസമയത്തുതന്നെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ പെയ്ത കനത്തമഴയിലും ആറരയോടെത്തന്നെ പോളിങ് ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ ക്യൂ ആരംഭിച്ചിരുന്നു. പോളിങ് തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീകളുള്‍പ്പെടെ വോട്ടുചെയ്യാനെത്തി. ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഒട്ടുമിക്ക പോളിങ് ബൂത്തുകളിലും ശരാശരി നൂറുപേര് വോട്ടുചെയ്തു.
കൊടകര ജി.എല്‍.പി. സ്കൂളിലെ ബൂത്തുകളിലൊന്നില്‍ പോളിങ്ങിന്റെ തുടക്കത്തില്‍ വോട്ടിങ് മെഷീന് തകരാറായെങ്കിലും വൈകാതെ തകരാര്‍ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചു. മറ്റത്തൂര്‍ പഞ്ചായത്തിലെ വെട്ടിയാടന്‍ചിറ പ്രദേശത്ത് കാറ്റില്‍ മരം ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് കുറച്ചുനേരം വൈദ്യുതി മുടങ്ങിയെങ്കിലും പോളിങ് സംവിധാനത്തെ ബാധിച്ചില്ല.
മറ്റത്തൂര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മൂലംകുടം എസ്.എന്‍. സ്കൂള്‍, ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. കോടാലി ജി.എല്‍.പി.സ്കൂള്‍, കടമ്പോട് എ.എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ഉണ്ടായി. ചേലക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാട് കൊടകര പഞ്ചായത്തിലെ തേശ്ശേരി എ.എല്‍.പി. സ്കൂളിലെത്തി വോട്ടുരേഖപ്പെടുത്തി.