Breaking News

സബ് ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്‍ നമ്മുടെ കൊടകരയുടെ അഭിമാനം

Chitharanjan1കൊടകര : ട്രെയിനിംഗ് കോളേജ് കാമ്പസില്‍ സ്വന്തം കൈക്കുള്ളില്‍ വിരിഞ്ഞ ഗജരാജനെ സങ്കടപൂര്‍വം വിട്ടുപിരിഞ്ഞാണ് കൊടകര സ്വദേശിയായ ചിത്തരഞ്ജന്‍ റിസര്‍വ്വ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായി എറണാകുളത്തേക്ക് വണ്ടികയറിയത്. പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എഡി.ജി.പി രാജേഷ് ദിവാനും ആനയുടെ തലയെടുപ്പ് കണ്ട് സല്യൂട്ട് നല്‍കി; ആനയ്ക്കും സൃഷ്ടാവ് ചിത്തരഞ്ജനും.

ചിത്തരഞ്ജന്‍ താൻ ഉണ്ടാക്കിയ ആനയോടൊപ്പം
ചിത്തരഞ്ജന്‍ താൻ ഉണ്ടാക്കിയ ആനയോടൊപ്പം

തൈക്കാട്ടെ പരിശീലന വേദിയില്‍ നേരത്തേ ആരോ ഉപേക്ഷിച്ചുപോയ കുഞ്ഞനാന പ്രതിമയുണ്ടായിരുന്നു. അത് മഴയും വെയിലുമേറ്റ് തകര്‍ന്നു. കൂടെ ഒരു മരക്കൊമ്പും മറിഞ്ഞുവീണതോടെ ആനയുടെ ‘കഥകഴിഞ്ഞു’ ആനകളുടെ നാടായ തൃശൂരില്‍ നിന്ന് വന്ന ചിത്തരഞ്ജന്റെ ഹൃദയത്തില്‍ അത് നൊമ്പരമുണ്ടാക്കി. അങ്ങിനെയാണ് ഗുരുവായൂര്‍ കേശവന്റെ മാതൃകയില്‍ കോളേജ് വളപ്പില്‍ ഒന്‍പതടി പൊക്കത്തില്‍ ആനയുടെ നിര്‍മ്മാണം തുടങ്ങിയത്. പരിശീലനത്തിനിടയില്‍ ആകെ കിട്ടുന്ന സമയം കേവലം മുക്കാല്‍ മണിക്കൂര്‍ നേരമാണ്. അതത്രയും ആനയുടെ നിര്‍മ്മാണത്തിന് നല്‍കി.

സിമന്റും കമ്പിയും ചേര്‍ത്ത് ദിവസവും മുക്കാല്‍ മണിക്കൂര്‍ നേരം ആന നിര്‍മ്മാണമായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എട്ടുമാസമെടുത്തു. ആദ്യമൊക്കെ മറ്റുളളവര്‍ക്ക് കൗതുകമായിരുന്നെങ്കിലും ആന തലയെടുപ്പോടെ ഉയര്‍ന്നുവരുന്നത് കണ്ടപ്പോള്‍ അത് വിസ്മയത്തിലേക്കും അനുമോദനത്തിലേക്കും മാറി. എട്ടുമാസം തൊട്ടും തലോടിയും വളര്‍ത്തിയ ആന ഇന്ന് കാമ്പസില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ചിത്തരഞ്ജന്റെ ആദ്യ സൃഷ്ടി!

Chitharanjanകൊടകരയിലെ വട്ടേക്കാട് സ്വദേശിയായ ചിത്തരഞ്ജനിലെ കലാകാരന്‍ അവിടെ നില്‍ക്കുന്നില്ല. പരിശീലനക്യാമ്പിലെ അനുഭവങ്ങള്‍ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കവിതകളായി പകര്‍ത്തും. ‘വിയര്‍പ്പിന്റെ കയ്യൊപ്പുകള്‍ ‘ എന്ന പേരില്‍ അത് പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് . തൃശൂരിലെ പ്രസാധകരായ സര്‍ഗശ്രീപതി ഇത് പ്രസിദ്ധീകരണത്തിന് തയ്യാറാക്കികഴിഞ്ഞു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയോടെ അടുത്തമാസം ഇത് പുറത്തിറക്കും.

തിരഞ്ഞെടുത്ത മുപ്പത് കവിതകളിലൂടെയാണ് പരിശീലനക്യാമ്പിലെ വിഹ്വലതകള്‍ പുനരാവിഷ്‌കരിക്കുന്നത്. ഇത് കൂടാതെ പൊലീസ് ബാന്‍ഡിന് സ്വന്തമായ ഒരു ടൈറ്റില്‍ സോംഗും ചിത്തരഞ്ജന്‍ സമ്മാനിച്ചു. ചിത്തരഞ്ജന്‍ എഴുതി കൂട്ടുകാരുടെ സഹായത്തോടെ സംഗീതം നല്‍കിയ പാട്ട് പൊലീസ് ബാന്‍ഡ് ബീറ്റല്‍ സോംഗായി വികസിപ്പിച്ചു. ഇതിന്റെ പകര്‍പ്പ് യൂട്യൂബിലും പുറത്തിറങ്ങിയിട്ടുണ്ട്. കര്‍ഷകനായ കൊടകര വട്ടേക്കാട് ഇല്ലത്ത് പറമ്പില്‍ ചന്ദ്രന്റെയും ഉണ്ണിപ്പെണ്ണിന്റെയും മൂന്ന് മക്കളില്‍ മൂത്തവനാണ് ചിത്തരഞ്ജന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!