Breaking News

കരാറുകാരന്‍ അവഗണിച്ചു: സ്വന്തം ചെലവില്‍ വാര്‍ഡിലെ ഇരുട്ടകറ്റി പഞ്ചായത്തംഗം

കൊടകര: വാര്‍ഡിലെ കത്താത്ത വഴിവിളക്കുകള്‍ നന്നാക്കാന്‍ സ്വന്തം കൈയിലെ പണം മുടക്കി പഞ്ചായത്തംഗത്തിന്റെ സേവനം. കൊടകര ഗ്രാമപ്പഞ്ചായത്തില്‍ മൂന്നാംവാര്‍ഡംഗം കെ.ആര്‍. സോമനാണ് വാര്‍ഡിലെ വഴിവിളക്കുകള്‍ നന്നാക്കാന്‍ പഞ്ചായത്ത് ഏല്പിച്ച കരാറുകാരന്റെ അവഗണനയ്‌ക്കെതിരെ ഈരീതിയില്‍ പ്രതിഷേധിച്ചത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് സോമന്‍.

പഞ്ചായത്തിലെ പത്തൊന്‍പത് വാര്‍ഡുകളില്‍ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി ഏഴുലക്ഷം രൂപയ്ക്ക് സ്വകാര്യവ്യക്തി കരാറെടുത്തിരുന്നു. ജനവരിയില്‍ കരാര്‍ നല്‍കിയെങ്കിലും നാലുമാസം കഴിഞ്ഞിട്ടും മിക്കയിടത്തും വഴിവിളക്കുകള്‍ തെളിയാതെ കിടക്കുകയാണ്. പലയിടത്തുനിന്നും വിളക്കുകള്‍ അഴിച്ചുകൊണ്ടുപോയെങ്കിലും ഇതുവരെ നന്നാക്കി പുനഃസ്ഥാപിച്ചിട്ടില്ല. വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന പൊതുജനങ്ങളുടെ പരാതി പഞ്ചായത്തംഗങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പഞ്ചായത്തു കമ്മിറ്റിയോഗത്തില്‍നിന്നും ബി.ജെ.പി.അംഗങ്ങള്‍ ഇറങ്ങിപ്പോയി. മാസങ്ങള്‍ക്കുമുമ്പ് വാര്‍ഡിലെ ഗ്രാമസഭയില്‍ വഴിവിളക്കുപ്രശ്‌നം ഉയര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനാണ് തന്റെ ഓണറേറിയം തുകകൊണ്ട് വഴിവിളക്കുകള്‍ നന്നാക്കാന്‍ തുനിഞ്ഞതെന്ന് സോമന്‍ പറഞ്ഞു.

ഇലക്ട്രോണിക്‌സ് പഠനം പൂര്‍ത്തിയാക്കിയ അയല്‍വാസികളായ അനില്‍, ജീവന്‍, അഭി എന്നിവര്‍ സൗജന്യമായി വിളക്കുകള്‍ നന്നാക്കാന്‍ മുന്നോട്ടുവന്നത് സോമന് തുണയായി. പ്രധാനറോഡുകളിലെ ട്യൂബ്ലൈറ്റുകളും മറ്റുവഴികളിലെ സെന്‍സര്‍ വിളക്കുകളും അഴിച്ചെടുത്തുകൊണ്ടുവന്ന് വീടിനുമുകളിലിരുന്നാണ് നന്നാക്കുന്നത്. പിന്നീട് അതാതിടങ്ങളില്‍ കൊണ്ടുപോയി സ്ഥാപിക്കും. ഇതിനായി മൂന്നു തൊഴിലാളികളെയും ഏര്‍പ്പാടാക്കി.

അറ്റകുറ്റപ്പണിക്കാവശ്യമായ സാധനങ്ങള്‍ക്കുള്ള തുകയും ഒട്ടോചാര്‍ജ്ജും തൊഴിലാളികളുടെ കൂലിയും എല്ലാം സോമന്‍ നല്‍കും. ഇതിനോടകം വാര്‍ഡിലെ നൂറോളം വഴിവിളക്കുകള്‍ നന്നാക്കി മാറ്റിയിട്ടുകഴിഞ്ഞു. പഞ്ചായത്തംഗത്തിന്റെ സേവനസന്നദ്ധതയ്ക്ക് പിന്തുണയേകി ജനങ്ങളും സഹായവുമായി എത്തുന്നുണ്ട്. കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് ബോര്‍ഡംഗം എം.ഡി. നാരായണന്‍ വഴിവിളക്ക് നന്നാക്കാന്‍ തുക നല്‍കി സഹായിച്ചെന്ന് സോമന്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!