Breaking News

ചരിത്രത്തിന്റെ ചിറക് വിരിച്ച് പരുന്തുപാറ

Parunthupaaraഇഞ്ചക്കുണ്ട്  : തൃശൂര്‍ ജില്ലയിലെ കിഴക്കന്‍മലനിരകളുടെ മടിത്തട്ടില്‍ തലചായ്ച്ചുറങ്ങുന്ന പ്രദേശമാണ് പരുന്തുപാറ. വരന്തരപ്പിള്ളി , മറ്റത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ഇഞ്ചക്കുണ്ട് ഗ്രാമത്തോടുചേര്‍ന്നു കിടക്കുന്ന പ്രശാന്തസുന്ദരമായ ഈ പ്രദേശം പ്രകൃതിസ്‌നേഹികളായ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് മതിവരാകാഴ്ചകളാണ്.ആമ്പല്ലൂര്‍-ചിമ്മിനിഡാം റൂട്ടിലെ പാലപ്പിള്ളിയില്‍ നിന്നും പുതുക്കാട് -മുപ്ലിയം -കോടാലി റൂട്ടിലെ ഇഞ്ചക്കുണ്ടില്‍ നിന്നും പരുന്തുപാറയിലെത്തിച്ചേരാം. സഹസ്രാബ്ധങ്ങളുടെ പഴക്കമുള്ള മുനിയറകളാണ് പരുന്തുപാറയിലെ മുഖ്യ ആകര്‍ഷണം. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ആറ് മുനിയറകളാണ് പരുന്തുപാറ പ്രദേശത്ത് കാണപ്പെടുന്നത്.

Parunthupaaraജൈനസംസ്‌കാരത്തിന്റെ ശേഷിപ്പുകളിവയെന്ന് ചരിത്രഗവേഷകര്‍ പറയുന്നു. വിസ്തൃതമായ പാറപ്പുറത്ത് വൃത്താകൃതിയിലുള്ള മണ്‍തറകെട്ടി അതിലാണ് മുനിയറകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശിലാപാളികള്‍ കൊണ്ട് മൂന്നുവശവും മറച്ച് മീതെ മറ്റൊരു ശിലാപാളി കുറുകെ വെച്ചാണ് ഇവയുടെ നിര്‍മ്മിതി. ഒന്നരമീറ്ററോളം നീളവും അരമീറ്ററോളം ഉയരവുമുള്ള മുനിയറകളുടെ ഉള്‍വശത്ത് കഷ്ടിച്ച് ഒരു മീറ്റാണ് വീതി. ജൈനസന്യാസിമാര്‍ ധ്യാനിക്കനിരുന്നതാണ് മുനിയറകള്‍ എന്നൊരു വിശ്വാസമുണ്ടെങ്കിലും ചരിത്രഗവേഷകര്‍ പറയുന്നത് മുനിയറകള്‍ ശവക്കല്ലറകളാണെന്നാണ്. ജൈനസന്യാസിമാര്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹങ്ങല്‍ സംസ്‌കാരിക്കാനായാണ് ഇവ നിര്‍മ്മിക്കപ്പെട്ടത്. മോക്ഷപ്രാപ്തിയില്‍ വിശ്വസിച്ചിരുന്ന ജൈനര്‍ മുനിയറകളില്‍ മൃതദേഹം സൂക്ഷിച്ച് ശേഷം അഴുകി അസ്ഥികള്‍ മാത്രമാകുമ്പോള്‍ അവ പുറത്തെടു്ത് ആചാരപ്രകാരം സംസ്‌കരിക്കുകയാണ് ചെയ്തുപോന്നിരുന്നത്. ഇടുക്കിയിലെ കാന്തല്ലൂര്‍ അടക്കം കേരളത്തിലെ വളരെ കുറച്ചു സ്ഥലങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള മുനിയറകള്‍ ഇന്നും കേടുകൂടാതെ കാണാനാകുന്നത്. പരുന്തുപാറക്കു സമീപമുള്ള മുനിയാട്ടുകുന്നിലും ഇത്തരം മുനിയറകളുടെ സാന്നിധ്യമുണ്ട്.

muniyaraചരിഞ്ഞ പ്രതലത്തോടുകൂടിയ വിസ്തൃതമായ പാറയാണ് പരുന്തുപാറയിലെ മറ്റൊരു ആകര്‍ഷണകേന്ദ്രം. എത്രകൊടിയ വേനലിലും കുളിര്‍കാറ്റ് വീശുന്ന ഇവിടം സന്ദര്‍ശകര്‍ സമ്മാനിക്കുന്നത് മറക്കാനാവാത്ത ദൃശ്യഭംഗിയാണ്. നോക്കെത്താ ദൂരത്തോളം നിരനിരയായി കാണപ്പെടുന്ന നീലമലനിരകള്‍ .ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ആയിര്ക്കണക്കിനു ഹെക്ടര്‍ വരുന്ന റര്‍തോട്ടങ്ങളുടെ ഹരിതഭംഗി. ബ്രിട്ടീഷ് കാലത്ത് പണിനീര്‍ത്ത തോട്ടം ബംഗ്ലാവിന്റെ ദൂരക്കാഴ്ച. എല്ലാം പരുന്തുപാറക്കു മുകളിലിരുന്ന് കണ്ടാസ്വദിക്കാം. ചിമ്മിനിഡാമിലേക്കുള്ള യാത്രക്കിടെ ഏതാനും മണിക്കൂറുകള്‍ മാറ്റിവെച്ചാല്‍ മനസുനിറയെ പരുന്തുപാറയിലെ മനോഹരകാഴ്ചകള്‍ നിറച്ച് മടങ്ങിപോകാം. പരുന്തുപാറയും ചിമ്മിനിഡാമും ഉള്‍പ്പടെയുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കി തൃശൂര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പുതുക്കാട് ടൂറിസം പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ദേശീയപാതയിലെ കൊടകരയില്‍ നിന്ന് കോടാലി, ഇഞ്ചക്കുണ്ട് വഴിയോ പുതുക്കാട് നിന്ന് മുപ്ലിയം വഴിയോ ആമ്പല്ലൂരില്‍ നിന്ന് വരന്തരപ്പിള്ളി, പാലപ്പിള്ളി, കാരികുളം വഴിയോ പരുന്തുപാറയിലെത്താം..
വിവരണം : ലോനപ്പന്‍ കടമ്പോട് 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!