Breaking News

പഞ്ചാരിമേളത്തില്‍ ആയിരത്തോളം പേര്‍ക്ക് ആശാനായി കൊടകര ഉണ്ണി

KODAKARAUNNI1കൊടകര: നാല്‍പ്പത്തിരണ്ടുവയസിനിടെ ആയിരത്തോളം പേരെ  പഞ്ചാരിമേളം പഠിപ്പിച്ചതിന്റെ ബഹുമതി കൊടകര ഉണ്ണിക്ക് സ്വന്തമാണ്. ഈ ചെറുപ്രായത്തിനുള്ളില്‍ ഇത്രയേറെ ശിഷ്യസമ്പത്തുള്ള വാദ്യകലാകാരന്മാര്‍ കേരളത്തില്‍ അധികമില്ല. കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ   62 ബാച്ചുകള്‍ക്കാണ് ഈ കലാകാരന്‍ മേളകലയുടെ പാഠങ്ങള്‍ പകര്‍ന്നുകൊടുത്തിട്ടുള്ളത്. ഓരോ ബാച്ചിലും ഒമ്പതുമുതല്‍ 20വരെ വിദ്യാര്‍ത്ഥികളാണ്  മേളം അഭ്യസിച്ചത്.

kodakara unniമേളകലയിലെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ വിവിധ കാലങ്ങള്‍ കോല്‍പെരുക്കത്തിലൂടെ ഉണ്ണിയില്‍ നിന്ന് അഭ്യസിച്ചവരില്‍  പത്തുവയസുകാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെയുണ്ട്്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഇവരില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ്  മിക്കയിടങ്ങളിലും മേളപരിശീലന ക്ലാസുകള്‍ നടക്കുന്നത്. ഏതാനും സ്‌കൂളുകളിലും ഉണ്ണിയുടെ ശിക്ഷണത്തില്‍ ചെണ്ടമേളപരിശീലനം നടക്കുന്നുണ്ട്. ആറുമാസത്തോളം നീണ്ടപരിശീലനക്ലാസിനു ശേഷമാണ് മേളം അഭ്യസിക്കുന്നവര്‍ അരങ്ങേറ്റം നടത്തുന്നത്. പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ കരിങ്കല്ലില്‍ കൊട്ടിയാണ് മേളവിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തുന്നത്.  അരങ്ങേറ്റത്തിനു മുമ്പായി ചെണ്ടയില്‍ കൊട്ടി പരിശീലിപ്പിക്കും.

കൊടകര, മുപ്ലിയം, പുതുക്കാട്, ആമ്പല്ലൂര്‍, തൊട്ടിപ്പാള്‍, പോട്ട, തേശേരി,കോടാലി, മൂന്നുമുറി തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി  കൊടകര ഉണ്ണിക്ക് വലിയൊരു ശിഷ്യസമ്പത്തുണ്ട്്.  ഉണ്ണിമേളം അഭ്യസിപ്പിച്ചവരില്‍ പലരും  മേളരംഗത്ത്  സജീവമായി നില്‍ക്കുന്ന യുവകലാകാരന്മാരില്‍ പലരും ഉണ്ണിയുടെ ശിഷ്യന്മാരാണ്. കൊടകര കുണ്ടനാട്ട് നാരായണന്‍ നാരായുടെ മകനായ ഉണ്ണി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മേളകലയിലേക്ക് കടന്നുവരുന്നത്. ഇലത്താള വിദഗ്ധനായ പിതാവിനൊടോപ്പം  കൊടകര പൂനിലാര്‍ക്കാവില്‍ ശീവേലിയില്‍ പങ്കെടുത്തുകൊണ്ടാണ്  തുടക്കം.

kodakara unniതൃപ്പേക്കുളം ഉണ്ണിമാരാരുടെ ശിക്ഷണത്തില്‍ മേളവും കേളത്ത് കുട്ടപ്പമാരാരുടെ ശിക്ഷണത്തില്‍ തായമ്പകയും അഭ്യസിച്ച് ഉണ്ണി അന്നമനട പരമേശ്വരമാരാരുടെ കീഴില്‍ തിമിലയിലും പരിശീലനം നേടിയിട്ടുണ്ട്. മധ്യകേരളത്തിലെ ഒട്ടുമിക്ക പൂരങ്ങളിലും ഉത്സവത്തിലും മേളനിരയിലെ സാന്നിദ്ധ്യമായ  ഈ കലാകാരന്‍ കഴിഞ്ഞ 27 വര്‍ഷമായി തൃശൂര്‍പൂരത്തിലെ പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണികത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിലെ സജീവസാന്നിധ്യമാണ്.

തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട തുടങ്ങിയ പ്രധാന ഉത്സവങ്ങളിലും മേളനിരയില്‍ ഉണ്ണിയുണ്ട്. മലയാളത്തില്‍ ബി.എ.ബിരുദം നേടിയ ഉണ്ണി മേളകലയോടൊപ്പം കുറേക്കാലം പാരലല്‍ കോളജുകളില്‍ അധ്യാപകനായും സേവനമുനുഷ്ഠിച്ചിട്ടുണ്ട്. പ്രാദേശിക പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍  എന്നീ നിലയിലും ഉണ്ണി സജീവമാണ്. വാദ്യകലയുടെ പോഷണത്തിനും കലാകാരന്മാരുടെ ക്ഷേമത്തിനുമായി കൊടകര ആസ്ഥാനമായി രൂപവല്‍ക്കരിച്ച മേളകലാസംഗീതസമതിയുടെ സ്ഥാപക സെക്രട്ടറികൂടിയാണ്  കൊടകര ഉണ്ണി.
ലോനപ്പെട്ടന്റ്റെ റിപ്പോർട്ട്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!