Breaking News

ആഴകം ജയന്റെ ഇലത്താളം ഇരമ്പിയാര്‍ത്തത് എട്ടു തായമ്പകകളില്‍

IMG_3379nadhabrahamam copyകൊടകര : ചെണ്ടയില്‍ ആഞ്ഞുവീഴുന്ന കോലിനെ എതിരാളിയാക്കി, കൈപ്പിടിയിലെ ലോഹക്കരുത്തില്‍ സര്‍ഗ്ഗശക്തി തെളിയിച്ച ഇലത്താളനിരയില്‍ പ്രധാനി ആഴകം ജയന്‍ എന്ന 38 കാരനായിരുന്നു. മാരത്തോണ്‍ തായമ്പകവേദിയില്‍ പ്രഗല്‍ഭരായ തായമ്പകക്കാര്‍ ദിലീപിനൊപ്പം കൊട്ടിമുറുകിയപ്പോഴെല്ലാം പിന്‍നിരയിലെ കാതുതുളപ്പിച്ച ഈ ഇലത്താളവൈഭവം ഇരമ്പിയാര്‍ത്തു പെയ്യുകയായിരുന്നു.

രണ്ടാം ദിവസം മുതല്‍ തായമ്പകവേദിയിലെത്തിയ ജയന്‍ അവസാന തായമ്പകയുള്‍പ്പടെ എട്ടു തായമ്പക അവതരണത്തിന് ഇലത്താളംകൊണ്ട് വിസമയം തീര്‍ത്തു. ഒപ്പം നിരന്ന പ്രമുഖരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, കുത്താംപിള്ളി മോഹനന്‍ തുടങ്ങിയവരുടെ തായമ്പക വേദികളില്‍ സദസ്സിനെ ആവേശത്തിലാക്കിയായിരുന്നു ജയന്റെ പ്രകടനം. അങ്കമാലിക്കടുത്ത് ആഴകം സ്വദേശിയായ ജയന്‍ ചെറുപ്പകാലം മുതല്‍ കേരളത്തിലെ തായമ്പകയിലെ മുന്‍നിരക്കാരോടൊപ്പം ഇലത്താളം കൊട്ടുന്നുണ്ട്.

ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരില്‍ നിന്ന് അഞ്ചാം വയസ്സു മുതല്‍ ചെണ്ടമേളം അഭ്യസിച്ച ജയന്‍ പതിമൂന്നാം വയസ്സില്‍ അരങ്ങേറ്റം നടത്തി. പതിനഞ്ചാം വയസ്സ് മുതല്‍ ഇലത്താളത്തില്‍ ശ്രദ്ധയൂന്നി. അക്കാലം മുതല്‍ പല്ലാവൂര്‍ അപ്പുമാരാര്‍, അനിയന്‍ കുഞ്ഞുക്കുട്ടന്‍ മാരാര്‍ എന്നിവര്‍ക്കൊപ്പവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ എന്നിവരുടെയും ടാബില്‍ തായമ്പകവേദികളിലും പോരൂര്‍ ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്ന പോരൂര്‍ ഉണ്ണികൃഷ്ണന്‍, പോരൂര്‍ ഹരിദാസന്‍, കിടങ്ങൂര്‍ വേണു എന്നിവരടക്കം മേളകലയിലെ അതുല്ല്യപ്രതിഭകള്‍ക്കൊപ്പവും നിരവധി വേദികളില്‍ ജയന്‍ ഇലത്താളനിരയിലെ പ്രധാനിയായിരുന്നു. നാലു വര്‍ഷമായി തൃശ്ശൂര്‍ പൂരത്തിലും തിരുവമ്പാടി വിഭാഗത്തില്‍ മേളത്തിന് പങ്കെടുക്കുന്നുണ്ട്. പതിനാലു വര്‍ഷമായി ശബരിമല ആലങ്ങാട് യോഗം വെളിച്ചപ്പാട് കൂടിയാണ് ജയന്‍.
മാതൃഭൂമിയില്‍ വന്ന വാര്‍ത്ത!

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!