Breaking News

നാദബ്രഹ്മം നാലാംനാളിലേക്ക് : കൊളത്തൂരിലേക്ക് തായമ്പകക്കാരുടെ പ്രവാഹം

കൊടകര:  ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുവണ്ടി  നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീസന്നിധിയില്‍ ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണമായ നാദബ്രഹ്മം നാലാംനാളിലെത്തി. ഇന്നലെ വൈകീട്ട് 8 മണിയായപ്പോള്‍ മാരത്തോണ്‍ ഇരട്ടത്തായമ്പകയുടെ 51 മണിക്കൂര്‍ പിന്നിട്ടിരുന്നു.ഇന്നലെ  പാലപ്പുറം മണികണ്ഠന്‍, സാനന്ദ് രാജു കൊയിലാണ്ടി, ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, മൂക്കോല വിഷ്ണുനാരായണന്‍, വെളിമുക്ക് രാംദാസ്, ആറങ്ങോട്ടുകര ശിവന്‍, ഡോ.നന്ദിനിവര്‍മ, നന്ദിനിവര്‍മയുടെ ഭര്‍ത്താവ് കലാമണ്ഡലം ഹരീഷ്, കലാമണ്ഡലം സുമേഷ്,ശുകപുരം രഞ്ജിത്ത് എന്നിവര്‍  ഇരട്ടത്തായമ്പകയില്‍ ദിലീപിനൊപ്പം ചേര്‍ന്നു.

വാദ്യവേദിയിലെ വനിതാസാന്നിധ്യം

നാദബ്രഹ്മത്തില്‍ ശുകപുരം ദിലീപിനൊപ്പം ഡോ.നന്ദിനിവര്‍മ തായമ്പക കൊട്ടുന്നു.
നാദബ്രഹ്മത്തില്‍ ശുകപുരം ദിലീപിനൊപ്പം ഡോ.നന്ദിനിവര്‍മ തായമ്പക കൊട്ടുന്നു.

വാദ്യവേദിയിലെ വനിതാസാന്നിധ്യം ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.ഡോ.നന്ദിനിവര്‍മയാണ്  കൊളത്തൂര്‍ തൂപ്പങ്കാവ്  ദേവീസന്നിധിയില്‍ നടക്കുന്ന മാരത്തോണ്‍തായമ്പകവേദിയില്‍ ഇന്നലെ വൈകീട്ട് തായമ്പക അവതരിപ്പിച്ചത്.നാദബഹ്മത്തിന്റെ മൂന്നാംദിനമായ ഇന്നലെ 26 -ാംമത്തെ തായമ്പകയായിരുന്നു നന്ദിനിയുടേത്.തുടര്‍ന്ന് നന്ദിനിയുടെ ഭര്‍ത്താവും പഞ്ചവാദ്യപ്രമാണി അന്നമനട പരമേശ്വരമാരാരുടെ മകനുമായ കലാമണ്ഡലം ഹരീഷാണ് തായമ്പക കൊട്ടിയത്. ഇവരുടെ തായമ്പകയോടെയാണ് മാരത്തോണ്‍ തായമ്പകയുടെ 51 മണിക്കൂര്‍ പിന്നിട്ടത്. 12 വര്‍ഷമായി തായമ്പക കൊട്ടുന്ന നന്ദിനിവര്‍മ  ആയുര്‍വേദഡോകടര്‍കൂടിയാണ്. ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍, തൃപ്പൂണിത്തുറ ഗോപികൃഷ്ണന്‍ എന്നിവരുടെ  ശിക്ഷണത്തില്‍  തായമ്പക അഭ്യസിച്ച ഇവര്‍ തുടര്‍ന്ന് പോരൂര്‍ ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തില്‍ ഉപരിപഠനം നടത്തി.ഒട്ടനവധി വാദ്യവേദികളില്‍ ഇതിനകം തന്നെ തായമ്പക അവതരിപ്പിച്ചു.

ആസ്വാദകര്‍ക്ക് അനുഭൂതിയായി പോരൂരിന്റെ തായമ്പക

ശുകപുരം ദീലീപും നപോരൂര്‍ ഉണ്ണികൃഷ്ണനും
ശുകപുരം ദീലീപും നപോരൂര്‍ ഉണ്ണികൃഷ്ണനും

കൊടകര: കൊളത്തൂരില്‍ നടക്കുന്ന നാദബ്രഹ്മം മാരത്തോണ്‍ തായമ്പകയില്‍  പോരൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പക ആസ്വാദകര്‍ക്ക് അനുഭൂതിയായി.ഇന്നലെ രാവിലെ 10 മണിയോടെയാണ് പോരൂര്‍ ദിലീപിനൊപ്പം ഇരട്ടത്തായമ്പകയില്‍ പങ്കെടുത്തത്.പതികാലവും പഞ്ചാരി-ചെമ്പക്കൂറുകളും കൊട്ടി ഇടകാലത്തിലേക്ക് കടന്നതോടെ തായമ്പകക്കമ്പത്തില്‍ സഹൃദയര്‍മതിമറന്നു.ഇടകാലത്തില്‍ ഇലത്താളക്കാരായ മൂലംകോട് കനകനും ആഴകം അജയനും പ്രയോഗത്തിലൂടെ കാണികളെ കയ്യിലെടുത്തു.ചെര്‍പ്പുളശ്ശേരി രാജുവും കല്ലുവഴി പ്രകാശനുമായിരുന്നു വട്ടംപിടിച്ചത്.ഇരുപത്തിരണ്ടാമത്തെ തായമ്പകയായിരുന്നു പോരൂരിന്റേത്.

കൊളത്തൂരിലേക്ക് തായമ്പകക്കാരുടെ പ്രവാഹം
കൊടകര:ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുവണ്ടി  നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീസന്നിധിയില്‍ ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണമായ നാദബ്രഹ്മത്തിലേക്ക് കേരളത്തിലെ തായമ്പകകലാകാരന്‍മാരുടെ പ്രവാഹം.ഇന്നലെ രാത്രിയോടെ 30 ല്‍പ്പരം കലാകാരന്‍മാര്‍ വേദിയിലെത്തി തായമ്പക കൊട്ടി.അടന്തക്കൂറും പഞ്ചാരിക്കൂറും ചെമ്പയുമെല്ലാം മാറിമാറിയാണ് പലരും കൊട്ടുന്നത്.മുതിര്‍ന്ന കലാകാരന്‍മാര്‍ ദിലീപിന് കൊട്ടിക്കൊടുക്കുമ്പോള്‍ ജൂനിയര്‍ കലാകാരന്‍മാര്‍ക്ക് ദിലീപ് കൊട്ടിക്കൊടുക്കും.ഇനിയുള്ള 2 ദിവസങ്ങളിലായി കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍, അത്താലൂര്‍ ശിവന്‍, ചെറുതാഴം ചന്ദ്രന്‍, പനമണ്ണ ശശി, കലാനിലയം ഉദയന്‍ നമ്പൂതിരി, തുടങ്ങി ഒട്ടനവധി തായമ്പകക്കാര്‍ പങ്കെടുക്കും.

അമ്പത്തിയൊന്നാം മണിക്കൂറില്‍ അനുമോദനസദസ്സ്
കൊടകര:  ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുവണ്ടി  നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീസന്നിധിയില്‍ ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണമായ നാദബ്രഹ്മത്തിന്റെ 51 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അനുമോദനസദസ്സ് നടത്തി.നാദബ്രഹ്മം സംഘാടകസമിതി ചെയര്‍മാന്‍ എന്‍.പി.മുരളി അധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി.ശങ്കരനാരായണന്‍,മെമ്പര്‍ കെ.രാജേഷ്,നെല്ലായിക്കുന്നത്ത് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി, സംഘാടകസമിതി ജന.കണ്‍വീനര്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ ശുകപുരം ദിലീപിനെ പൊന്നാട അണിയിച്ചു. ഡോ.നന്ദിനി വര്‍മയുടെ തായമ്പക കലാശിച്ചതോടെയാണ് മാരത്തോണ്‍ത്തായമ്പക 51 മണിക്കൂറിലെത്തിയത്.
റിപ്പോര്‍ട്ട് : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!