Breaking News

കുട്ടികളെ എങ്ങനെ വളര്‍ത്താം, വിജയിപ്പിക്കാം

ഇന്നത്തെ രക്ഷിതാക്കള്‍ക്ക് പുതുതലമുറയുടെ താത്പര്യങ്ങള്‍ എളുപ്പത്തില്‍ സ്വീകാര്യമാകില്ല. എന്നാല്‍ അവഗണിക്കാനും പറ്റില്ല. കുട്ടികളുടെ മാനസികവും ശാരീരകവുമായ ഘടനയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളില്‍ നിന്നകറ്റി അവരെ സംസ്‌കാരസമ്പന്നരും സ്വന്തം അഭിരുചികള്‍ക്കനുസരിച്ച് വിജയം വരിക്കുന്നവരുമാക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് കുട്ടികളെ എങ്ങനെ വളര്‍ത്താം വിജയിപ്പിക്കാം.
പുസ്തകത്തില്‍ നിന്ന് ചില ഭാഗങ്ങള്‍

ഗര്‍ഭകാലത്തെ പീഡനങ്ങള്‍ കുഞ്ഞിനു ദോഷമുണ്ടാക്കും
ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഗര്‍ഭിണിയുടെ പിരിമുറുക്കം കൂട്ടും. ഇത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. സ്ത്രീയെ ഒറ്റപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും അപമാനിക്കുന്നതും പീഡനമുറകളാണ്.
അമ്മയുടെ ശാന്തമായ, സമാധാനമുള്ള ഒരു മാനസികാവസ്ഥ കുഞ്ഞിന്റെ മാനസികവളര്‍ച്ചയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹവും ധാരണയുമാണ് ഇതില്‍ പ്രധാനം. കുഞ്ഞിന്റെ വരവ് യാദൃച്ഛികമാകരുത്. അത് ദമ്പതികള്‍ ‘പ്ലാന്‍’ ചെയ്ത് തീരുമാനിക്കേണ്ട ഒന്നാണ്. കുഞ്ഞിന്റെ വരവിനെ പ്രതീക്ഷയോടെ രണ്ടുപേരും കാത്തിരിക്കണം. അതൊരാഘോഷമാക്കണം.രണ്ടു വീട്ടുകാരില്‍നിന്നും വേണ്ടത്ര സ്‌നേഹവും സംരക്ഷണവും അമ്മയ്ക്കു ലഭിക്കണം. ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ ആധിയും പിരിമുറുക്കവും കുട്ടിക്കു പകര്‍ന്നുകിട്ടാതിരിക്കില്ല. വഴക്കിട്ട് അല്ലെങ്കില്‍ ബന്ധം വേര്‍പെടുത്തി പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ മാനസികസംഘര്‍ഷം വിവരണാതീതമാണ്. ആ കുഞ്ഞിന് സാധാരണ കുട്ടികളെക്കാള്‍ ടെന്‍ഷനും പിരിമുറുക്കവും കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ആരോഗ്യവാനായ ഒരു കുഞ്ഞ് പിറക്കാന്‍ അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പ്രധാനമാണ്. ഗര്‍ഭകാലത്ത് പോഷകാഹാരം അത്യാവശ്യമാണ്. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കേണ്ടതുണ്ടല്ലോ. സാധാരണ കഴിക്കുന്നതിനെക്കാള്‍ കുറച്ചുകൂടി പോഷകങ്ങള്‍ അകത്ത് എത്തേണ്ടിയിരിക്കുന്നു.
അസ്വസ്ഥമായ, ആധിയുളവാക്കുന്ന ഒരു കുടുംബാന്തരീക്ഷം കുഞ്ഞിന്റെ മാനസികവികാസത്തെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണിക്ക് വയറില്‍ അടിയോ ആഘാതമോ ഉണ്ടായാല്‍ അത് അബോര്‍ഷനിലേക്കോ തൂക്കം കുറഞ്ഞ കുഞ്ഞിന്റെ ജനനത്തിലേക്കോ നയിച്ചെന്നുവരാം. ഈ സുപ്രധാന കാലഘട്ടത്തില്‍ ഭര്‍ത്താവുമായി വഴക്കിടുന്നതും അമ്മായിയമ്മയുമായി സംഘര്‍ഷമുണ്ടാക്കുന്നതും ഒട്ടും ശരിയല്ല.
സ്ഥിരമായി ഭര്‍ത്താവ് വൈകിവരുന്നത് പിരിമുറുക്കത്തിലേക്കേ നയിക്കൂ. ഗര്‍ഭിണിയായ ഭാര്യയെ ഫ്ലറ്റില്‍ ഒറ്റയ്ക്കാക്കിയിട്ട് ജോലിക്കു പോകുന്ന ഭര്‍ത്താക്കന്മാര്‍ ഇന്നു ധാരാളമുണ്ടല്ലോ. ജോലിയൊക്കെ ചെയ്യുന്നത് ഗുണം ചെയ്യുമെങ്കിലും രാത്രി പറഞ്ഞ സമയത്തുതന്നെ ഭര്‍ത്താവ് വരാതിരിക്കുമ്പോള്‍ അത് അസ്വസ്ഥതയുണ്ടാക്കും. കൂട്ടിന് ബന്ധത്തില്‍പ്പെട്ട ഏതെങ്കിലുമൊരു സ്ത്രീ ഉണ്ടെങ്കില്‍ നന്നായിരിക്കും. ജോലിക്കു പോകുന്ന സ്ത്രീയാണെങ്കില്‍ രണ്ടുപേരും ഒരുമിച്ചിറങ്ങുകയും തിരിച്ചെത്തുകയും ചെയ്യുക.
കുട്ടിയില്‍ ഭയം കുത്തിവെക്കരുത്
ആദ്യനാളുകളില്‍ കുട്ടി കരഞ്ഞാല്‍ അമ്മ താരാട്ടു പാടി ഉറക്കും. കുട്ടി കുറെ വളരുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും. എന്നിട്ടും കരച്ചിലടക്കുന്നില്ലെങ്കില്‍, ‘കോക്കാന്‍ വരും, പിടിച്ചുകൊണ്ടുപോകും’ എന്നൊക്കെ പറഞ്ഞ് വിരട്ടാന്‍ തുടങ്ങും. ഭയപ്പെടുത്തുന്ന ചേഷ്ടകള്‍ മാതാപിതാക്കള്‍ കാണിക്കുകയും ചെയ്യും. അവര്‍ കുട്ടിയില്‍ ഭയം കുത്തിവെക്കാനാരംഭിക്കുകയാണ്.
കുട്ടി ഒറ്റയ്ക്ക് കിടന്ന് കളിച്ചാല്‍ അമ്മയ്ക്ക് വേവലാതിയാണ്. ‘നിങ്ങള്‍ അങ്ങോട്ട് ചെല്ല്. മോന്‍ അവിടെ ഒറ്റയ്ക്കല്ലേ കിടക്കുന്നത്’ എന്നു പറഞ്ഞ് ഭര്‍ത്താവിനെ കുട്ടിയുടെ അടുത്തേക്കു വിടും. കുട്ടി ഒറ്റയ്ക്ക് കിടന്ന് കളിക്കുന്നത് നല്ലതല്ലേ? മാനസികവളര്‍ച്ചയ്ക്ക് അത്തരം അനുഭവങ്ങള്‍ വേണംതാനും. മോന്റെയടുത്ത് ആരുമില്ല എന്നൊക്കെ പറഞ്ഞ് ബഹളംവെച്ചാല്‍ അത് കുട്ടിയില്‍ ഭയമുണ്ടാക്കാനേ സഹായിക്കൂ.
കുഞ്ഞ് ഇഴയാന്‍ തുടങ്ങിയാല്‍ അമ്മയ്ക്ക് പരിഭ്രമമാണ്. മുറ്റത്തേക്കെങ്ങാന്‍ ഇഴഞ്ഞിറങ്ങിയാല്‍ ഓടിച്ചെന്ന് അമ്മ കുട്ടിയെ വാരിക്കൂട്ടിയെടുക്കും, ഉമ്മവെക്കും, ഓമനിക്കും. ഏതോ ആപത്തില്‍നിന്ന് അമ്മ തന്നെ രക്ഷിച്ചു എന്നായിരിക്കും കുഞ്ഞിനു തോന്നുക. ആ സന്ദേശമാണ് അമ്മയുടെ ചെയ്തികള്‍ കുഞ്ഞിന്റെ തലച്ചോറില്‍ എത്തിക്കുക.
നടക്കാറാകുമ്പോള്‍ കുട്ടി ഒറ്റയ്‌ക്കെങ്ങാന്‍ മുറ്റത്തേക്കിറങ്ങിയാല്‍ ഉണ്ടാകാവുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ‘മോനെ കാണുന്നില്ലല്ലോ’ എന്നോ മറ്റോ പറഞ്ഞ് അമ്മ ബഹളംകൂട്ടും. താഴെ എവിടെയെങ്കിലും നില്ക്കുന്നത് കണ്ടാല്‍ ഓടിച്ചെന്ന് വാരിക്കൂട്ടിയെടുത്ത് മാറോടണയ്ക്കും. ‘എന്റെ പൊന്നുമോന്‍ ഇനി രാത്രി തനിച്ച് മുറ്റത്തേക്കിറങ്ങല്ലേ’ എന്നൊരു താക്കീതു കൊടുക്കുകയും ചെയ്യും. ഒറ്റയ്ക്ക് മുറ്റത്തേക്കിറങ്ങുമ്പോള്‍ കുട്ടി പ്രകൃതിയെ കൂടുതല്‍ മനസ്സിലാക്കും. കുഞ്ഞിനെ സംബന്ധിച്ച് രാവും പകലും ഒരുപോലെയാണ്. രാത്രി വെളിച്ചമില്ല എന്നു മാത്രം. രാത്രിയെ പേടിക്കേണ്ടതാണെന്ന് അച്ഛനമ്മമാരാണ് കുട്ടിയില്‍ കുത്തിവെക്കുന്നത്. അമിതസംരക്ഷണം ഭയത്തിലാണ് കൊണ്ടുചെന്നെത്തിക്കുക. കുഞ്ഞിന്റെ എല്ലാ കാര്യത്തിലും അമ്മ കൂടെയുണ്ടാകും. അഞ്ചാറു വയസ്സാകുന്നതുവരെ കൂടെ കിടത്തി ഉറക്കും. ഭക്ഷണം കൊടുക്കുന്നതില്‍ അമിതതാത്പര്യവും ഉത്കണ്ഠയും കാണിക്കും.
അമിതമായി കുട്ടിയെ ലാളിക്കുന്നതും കൊഞ്ചിക്കുന്നതും ദോഷമേ ചെയ്യൂ. തോന്നുമ്പോഴെല്ലാം കുട്ടിയെ എടുത്ത് ഓമനിക്കുന്നത് നമ്മുടെ നാട്ടിലെ പതിവാണ്. കുട്ടിയെ ഇക്കിളിപ്പെടുത്തും, ചിരിപ്പിക്കും, ഒരു പാവ കണക്കേ കളിപ്പിക്കും. കുഞ്ഞ്-അതെത്ര ചെറുതാണെങ്കിലും-ഒരു വ്യക്തിയാണ്. അവന്റെ വ്യക്തിത്വത്തെ അംഗീകരിക്കണം.
കുട്ടി കരയുമ്പോള്‍ അതിനെ എടുത്ത് ഓമനിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. കുട്ടി കരയുന്നത് വിശന്നിട്ടോ അമ്മയുടെ സാമീപ്യത്തിനോ ചൂടുകൊണ്ടോ തണുപ്പുകൊണ്ടോ ഒക്കെ ആയിരിക്കും. അതറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് അഭികാമ്യം. ഒറ്റയ്ക്ക് കിടന്നു കളിക്കുമ്പോള്‍ ശല്യം ചെയ്യരുത്.
കുട്ടി വളര്‍ന്നാലും അവന്റെ ഓരോ കാര്യവും ചെയ്തുകൊടുക്കാന്‍ താത്പര്യപ്പെടുന്ന മാതാപിതാക്കളുണ്ട്. കുട്ടിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ കുട്ടി ചെയ്യട്ടെ. ജീവിതത്തെ നേരിടാന്‍ അവന്‍ പഠിക്കട്ടെ. നിങ്ങള്‍ എപ്പോഴും കൂടെ ഉണ്ടാകില്ലല്ലോ? അവന്‍ സ്വന്തമായി ഭക്ഷണം കഴിക്കട്ടെ. വസ്ത്രമുടുക്കട്ടെ. സ്വന്തമായി ഗൃഹപാഠം ചെയ്യട്ടെ. പിറന്നുവീഴുമ്പോള്‍ കുട്ടികള്‍ക്ക് ഒന്നിനെയും പേടിയില്ല. വളര്‍ന്നുവരുമ്പോള്‍ എന്തിനെയൊക്കെയാണ് അവര്‍ പേടിക്കുന്നത്! ഇരുട്ടിനെ ഭയക്കുന്നു. ഒറ്റയ്ക്കിരിക്കാന്‍ ഭയക്കുന്നു. പാമ്പിനെ, പട്ടിയെ, ഭിക്ഷക്കാരനെ, യക്ഷിയെ, പാലമരത്തെ, പ്രേതങ്ങളെ, പിശാചുക്കളെ- അങ്ങനെ എന്തിനെയെല്ലാം കുട്ടി ഭയക്കുന്നു! ഭൂത പ്രേത പിശാചുക്കളുടെ കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് വിവരിച്ചുകൊടുക്കുന്ന മുത്തശ്ശിമാരും മാതാപിതാക്കളും ധാരാളമുണ്ട്. യക്ഷികളെയും ഗന്ധര്‍വന്മാരെയും കുറിച്ച് വര്‍ണിക്കുന്നതും സാധാരണയാണ്. ഇതൊക്കെ കുട്ടിയില്‍ പേടിയുണ്ടാക്കും. നിലാവുള്ള രാത്രിയില്‍ യക്ഷി വരുമെന്നും വെള്ളിയാഴ്ചകളില്‍ പ്രേതങ്ങള്‍ പുറത്തിറങ്ങുമെന്നുമെല്ലാം പറഞ്ഞുകൊടുക്കുന്നത് ഭയപ്പെടുത്താനേ ഉപകരിക്കൂ. കൊമ്പും വാലുമുള്ള പിശാചിന്റെ കഥയും കുട്ടിയെ ഭയപ്പെടുത്തും. രക്തരക്ഷസ്സ്, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ നാടകങ്ങളും ഡ്രാക്കുള തുടങ്ങിയ പുസ്തകങ്ങളും പേടിപ്പെടുത്താതിരിക്കില്ല.
ഭയം കുഞ്ഞിന്റെ ആത്മവിശ്വാസത്തെ കെടുത്തും. പല കാര്യങ്ങളും ചെയ്യുന്നതില്‍നിന്ന് കുട്ടിയെ പിന്തിരിപ്പിക്കും.
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അവനില്‍ ഭയമെന്ന വികാരമില്ല. ഓരോന്നും പറഞ്ഞും പ്രവര്‍ത്തിച്ചും അമിതമായി സംരക്ഷിച്ചും കുഞ്ഞിനെ ഭയത്തിനടിമയാക്കിയാല്‍ കുഞ്ഞിന്റെ ഭാവി തകര്‍ക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
കുഞ്ഞ് കരഞ്ഞാല്‍ കാരണം കണ്ടുപിടിച്ച് പരിഹരിക്കുക.
കുഞ്ഞ് ഒറ്റയ്ക്ക് കിടന്ന് കളിക്കുമ്പോള്‍ ശല്യം ചെയ്യരുത്.
ഇഴയാറാകുമ്പോള്‍ കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കുക.
ആവശ്യമില്ലാതെ കുട്ടിയെ എടുത്ത് ഉമ്മവെക്കുകയും ലാളിക്കുകയും ചെയ്യേണ്ട കാര്യമില്ല.കുട്ടിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം സ്വന്തമായി ചെയ്തു ശീലിക്കട്ടെ.
രണ്ടു വയസ്സായാല്‍ ഒറ്റയ്ക്ക് കിടത്തി ഉറക്കുക.
ഭൂത പ്രേത പിശാചുക്കളുടെ വിവരണങ്ങള്‍ വേണ്ട.
അച്ഛനമ്മമാര്‍ സ്‌നേഹത്തോടെ കഴിയുക.

അതിഥികളുടെ മുന്നില്‍വെച്ച് കുട്ടിയെ താഴ്ത്തിക്കെട്ടരുത്
പ്രസിദ്ധനായ ഒരു ജഡ്ജിയുടെ സഹോദരീപുത്രിക്കുണ്ടായ അനുഭവം നോക്കൂ:
വിവാഹപ്പാര്‍ട്ടിക്കാര്‍ വന്നാല്‍ അവള്‍ അങ്ങോട്ടു ചെല്ലില്ല. പെണ്ണുകാണല്‍ നടക്കാതെ ആലോചനകള്‍ മുടങ്ങുന്നു.
‘അവള്‍ എന്തുകൊണ്ടാവും അവരുടെ മുമ്പില്‍ വരാന്‍ ഇഷ്ടപ്പെടാത്തത്?’ അദ്ദേഹം ചോദിച്ചു.
‘വിരുന്നുകാര്‍ വരുമ്പോള്‍ കുട്ടിയെ കളിയാക്കി അച്ഛനമ്മമാര്‍ സംസാരിച്ചിട്ടുണ്ടോ?’ ഞാന്‍ തിരക്കി.
കുറച്ചുനേരം കഴിഞ്ഞ് ജഡ്ജി പറഞ്ഞു:
‘ഉണ്ട്. അവള്‍ കുറച്ച് കറുത്തിട്ടാണ്. വിരുന്നുകാര്‍ വരുമ്പോള്‍ ‘അകത്തെങ്ങാനും പോയി ഇരുന്നുകൂടേ’ എന്ന് എന്റെ സഹോദരി അവളോട് പറയാറുണ്ട്.’
അപ്പോള്‍ അതാണ് കാരണം.

സ്വന്തം അച്ഛനും അമ്മയും കളിയാക്കുന്നത് ഒരു കുട്ടിയും സഹിക്കില്ല. തീവ്രമായ അപകര്‍ഷതാബോധം അതുണ്ടാക്കുകയും ചെയ്യും. കളിയാക്കല്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ചാകുമ്പോള്‍ കുട്ടി തന്നിലേക്കുതന്നെ ഉള്‍വലിയും. കാലക്രമേണ ആരുടെയും മുന്നില്‍ അവള്‍ വരാന്‍ ഇഷ്ടപ്പെടില്ല. താന്‍ കൊള്ളത്തില്ല എന്ന് കുട്ടി വിശ്വസിക്കും.

കറുത്തിട്ടാണെങ്കിലും സൗന്ദര്യം കുറവാണെങ്കിലും കുട്ടിയെ പൂര്‍ണമായി അംഗീകരിക്കുകയും സ്‌നേഹിക്കുകയുമാണ് വേണ്ടത്. കുട്ടിയുടെ രൂപത്തിന് അച്ഛനമ്മമാരല്ലേ ഉത്തരവാദികള്‍. നമ്മുടെ മാതാപിതാക്കള്‍ വീട്ടിലാരെങ്കിലും വന്നാല്‍ മക്കളെക്കുറിച്ച് നല്ലതൊന്നും പറയില്ല.
അതിഥികളില്‍ ആരെങ്കിലും മോനെക്കുറിച്ച് ചോദിച്ചാല്‍, ‘ഓ, അവനൊന്നും പഠിക്കില്ല. കളിയാണെപ്പോഴും. ഇപ്പോള്‍ കുറെ ചീത്ത കൂട്ടുകാരുമുണ്ട്’ എന്നോ മറ്റോ കുറ്റപ്പെടുത്തി സംസാരിക്കും. കുട്ടി ഒരു വിഷയത്തിനു തോറ്റെങ്കില്‍ അതായിരിക്കും ആദ്യം പറയുക.
‘ഇവന്‍ ഇപ്രാവശ്യം കണക്കിന് തോറ്റു. ഏഴിലാണ് പഠിക്കുന്നതെന്ന വിചാരമില്ല. മുറിയടച്ചിരിക്കുന്നത് കാണാം.’
അതിഥികളുടെ കൂട്ടത്തിലെ കുട്ടിയെ പുകഴ്ത്താന്‍ മറക്കാറുമില്ല. ‘ജോസുമോനെ കണ്ട് പഠിക്ക്. ക്ലാസിലെ സെക്കന്‍ഡ് റാങ്കാണ്. ഇതൊക്കെ ഇവിടത്തെ കുട്ടികളോട് പറഞ്ഞിട്ടെന്താ കാര്യം?’

സ്വന്തം മക്കളെ പുകഴ്ത്തുന്നവരുമുണ്ട്. അതും ശരിയല്ല. ഉള്ളതുപോലെ വേണം പറയാന്‍.
‘സോണിയ ഇപ്രാവശ്യം ഇംഗ്ലീഷിനു തോറ്റു. ഇപ്പോള്‍ അവള്‍ വാശിയോടെ പഠിക്കുന്നുണ്ട്. അടുത്ത പ്രാവശ്യം ജയിക്കാതിരിക്കില്ല.’
വിരുന്നുവന്ന കുട്ടിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടി എന്ന് കരുതുക. ‘രാജിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടിയല്ലോ? മിടുക്കി. കുട്ടികളായാല്‍ അങ്ങനെ വേണം. ഇവിടെയും ഉണ്ടല്ലോ ഒരെണ്ണം. ജയിച്ചുകിട്ടിയാല്‍ ഭാഗ്യം.’

എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പ് കിട്ടില്ലല്ലോ. സ്വന്തം കുട്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ‘ഇവിടത്തെ കുട്ടി സ്‌കോളര്‍ഷിപ്പ് പരീക്ഷയൊന്നും എഴുതിയിട്ടില്ല ഇതുവരെ. അടുത്ത വര്‍ഷം എഴുതാന്‍ മോന് താത്പര്യമുണ്ട്. മോള്‍ക്കിനിയും രണ്ടു വര്‍ഷംകൂടിയുണ്ടല്ലോ.’ ഈ രീതിയില്‍ സംസാരിച്ചാല്‍ കുട്ടിക്ക് വേദനിക്കില്ല.

സുരക്ഷിതത്വബോധവും സ്‌നേഹവുമാണ് കുട്ടികള്‍ മാതാപിതാക്കളില്‍നിന്ന് പ്രതീക്ഷിക്കുക. അതിന്റെ സ്ഥാനത്ത് കളിയാക്കലാണെങ്കിലോ? കുട്ടിയുടെ ആത്മവിശ്വാസം കുറയും; ആത്മനിന്ദ കൂടും.

മക്കളുടെ നല്ല വശങ്ങള്‍ക്കും കഴിവുകള്‍ക്കുമാണ് ഊന്നല്‍ കൊടുക്കേണ്ടത്. പരാജയങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ വിളമ്പണ്ട. കുട്ടികളെ താരതമ്യം ചെയ്ത് അവഹേളിക്കുന്നതും ശരിയല്ല. കുട്ടികള്‍ വ്യത്യസ്തരല്ലേ? നിങ്ങളുടെ കുട്ടി എന്തായിരിക്കുന്നുവോ അതംഗീകരിക്കുക. കുറ്റവും കുറവും കഴിവുകളും ചേര്‍ന്നതാണ് കുട്ടിയുടെ വ്യക്തിത്വം. കുറവുകളെ പെരുപ്പിച്ചു കാണിക്കുന്നത് ഒരുതരം കളിയാക്കലാണ്.
അതിഥികളുടെ മുന്നില്‍ മക്കളെ ഇടിച്ചുതാഴ്ത്തിയിട്ട് നിങ്ങള്‍ എന്തുനേടാനാണ്? വിരുന്നുകാര്‍ക്ക് അതൊക്കെ കേള്‍ക്കാന്‍ രസമായിരിക്കും. മറ്റുള്ളവരുടെ കുറ്റവും കുറവും കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്?

കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍

കുട്ടികള്‍ മാതാപിതാക്കളുടെ തുടര്‍ച്ചയാണല്ലോ. അവരുടെ ജീനുകളാണ് കുട്ടികളിലുള്ളത്. അതേ രൂപവും ഭാവവും. പക്ഷേ, കുട്ടികളുടെ വ്യക്തിത്വവും ആത്മവിശ്വാസവും കുടുംബസാഹചര്യങ്ങളെയും നിങ്ങളുടെ പെരുമാറ്റത്തെയും ആശ്രയിച്ചാണ് വികസിച്ചുവരിക. ആത്മവിശ്വാസമില്ലാതെ വിജയം കൈവരിക്കാനാവില്ല. ആത്മവിശ്വാസം എങ്ങനെ വളര്‍ത്തിയെടുക്കാം?

1. കുട്ടിയില്‍ സുരക്ഷിതത്വബോധം ഉണ്ടാക്കിയെടുക്കണം. പരസ്​പരസ്‌നേഹവും ധാരണയുമുള്ള മാതാപിതാക്കള്‍ക്ക് ഇതിനു കഴിയും. തമ്മില്‍ വഴക്കടിക്കുന്നവര്‍ അരക്ഷിതാവസ്ഥയാണ് കുട്ടിയുടെ മനസ്സില്‍ നിറയ്ക്കുക.
2. കുട്ടിയെ പൂര്‍ണമായി അംഗീകരിക്കുക. അവന്‍ കറുത്തിട്ടാണെങ്കിലും വെളുത്തിട്ടാണെങ്കിലും. കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും. കുട്ടിയുടെ രൂപത്തിനും ബുദ്ധിക്കുമെല്ലാം നിങ്ങളാണല്ലോ ഉത്തരവാദികള്‍.
3. കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഓരോ കുട്ടിയുടെയും ജനിതകഘടകങ്ങള്‍ വ്യത്യസ്തമാണല്ലോ.
4. കുട്ടിയെ ഒരു വ്യക്തിയായും സുഹൃത്തായും കാണുക. എല്ലാ കാര്യങ്ങളും പങ്കുവെക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുക.
5. കുട്ടിയില്‍ ഒരു രീതിയിലുള്ള ഭയവും കുത്തിവെക്കരുത്. യക്ഷിക്കഥകളും മറ്റും പറഞ്ഞ് പേടിപ്പിക്കരുത്.
6. വിജയിച്ചിട്ടുള്ള മഹദ്‌വ്യക്തികളുടെ കഥകള്‍ പറഞ്ഞുകൊടുക്കുക. ഏതു സാഹചര്യത്തില്‍നിന്നും ആര്‍ക്കും വിജയിക്കാമെന്നും.
7. കുട്ടി വിജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക. ആ വിശ്വാസം അവനോട് പെരുമാറുമ്പോള്‍ പ്രതിഫലിക്കുകയും വേണം.
8. കുട്ടിയെ ചീത്തവിളിക്കരുത്, ലേബല്‍ ചെയ്യരുത്, ശപിക്കരുത്, കളിയാക്കരുത്. മറിച്ച്, അവനെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുക.
9. കുഞ്ഞുന്നാളിലേ കുട്ടിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് നിറവേറ്റുക. വൈകാരികസ്‌നേഹം കൊടുക്കുക.
10. അച്ചടക്കവും ചിട്ടയും പരിശീലിപ്പിക്കാം. അതിരുകള്‍ നിശ്ചയിക്കാം. അതു ലംഘിക്കാതെ നോക്കുകയുമാകാം.
11. വീട്ടിലെ പ്രശ്‌നങ്ങള്‍ കുട്ടിയുമായി പങ്കുവെക്കുക. അവന്റെ അഭിപ്രായങ്ങള്‍ ആരായുക.
12. കുട്ടി എന്ത് നല്ല കാര്യം ചെയ്താലും അഭിനന്ദിക്കണം. തോറ്റാലും ജയിച്ചാലും പ്രോത്സാഹിപ്പിക്കണം. പരാജയപ്പെടുമ്പോള്‍ പ്രത്യേകിച്ചും.
13. തീരുമാനങ്ങളെടുക്കുന്നതിനുള്ള ധാരാളം അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. കുട്ടിയുടെ കാര്യങ്ങള്‍ കുട്ടി തീരുമാനിക്കട്ടെ.
14. കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ‘നിങ്ങള്‍ കൂടെയുണ്ട്’ എന്നു കാണിച്ചുകൊടുക്കുക.
15. കുട്ടിയുടെ നൈസര്‍ഗികവാസന കണ്ടുപിടിച്ച് ആ മേഖലയില്‍ തിരിച്ചുവിടുക.
16. കളിക്കാനും ഉല്ലസിക്കാനും മറ്റുള്ളവരുമായി ഇടപെടാനും ധാരാളം അവസരങ്ങള്‍ കൊടുക്കുക.
17. കുട്ടികള്‍ മറ്റുള്ളവരുമായി ആരോഗ്യപരമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
18. ഇഷ്ടമുള്ള ഏതെങ്കിലുമൊരു പാഠ്യേതരവിഷയത്തില്‍ കുട്ടി പങ്കെടുക്കട്ടെ. ഏതെങ്കിലും കളിയിലോ ഡിബേറ്റിങ് മുതലായ ടീമുകളിലോ പ്രവര്‍ത്തിക്കട്ടെ.
19. സാമൂഹിക ആചാരമര്യാദകള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുക.
20. സത്യസന്ധതയ്ക്കും ജോലി നന്നായി ചെയ്യാനുള്ള സന്നദ്ധതയ്ക്കും ഊന്നല്‍ കൊടുക്കുക.
കുട്ടികള്‍ കളിമണ്ണുപോലെയാണ്. ഏതു രീതിയിലും നമുക്കവരെ വളര്‍ത്തിക്കൊണ്ടുവരാം. ഇത്രയൊക്കെ ശ്രദ്ധിച്ചാല്‍ കുട്ടിയില്‍ ആത്മവിശ്വാസം വികസിക്കാതിരിക്കില്ല.

പ്രൊഫ. പി.എ. വര്‍ഗീസ്‌

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!