Breaking News

ആനപ്പാന്തം കാട്ടില്‍ തേനെടുപ്പിന് ഇടവേള; വേനലില്‍ ലഭിച്ചത് അഞ്ചു ടണ്‍

കൊടകര: മഴക്കാലമെത്തിയതോടെ ആനപ്പാന്തം കാട്ടില്‍ ആദിവാസികള്‍ തേന്‍ ശേഖരിക്കുന്നത് നിര്‍ത്തിവെച്ചു. ജനവരി മുതല്‍ മഴക്കാലമെത്തും വരെ ശാസ്താംപൂവ്വത്തെ കോളനിയിലെ ആദിവാസികള്‍ ശേഖരിച്ചത് അഞ്ചു ടണ്ണിലേറെ തേനാണ്. മഴവന്നാല്‍ കാട്ടില്‍നിന്നുള്ള വനവിഭവങ്ങളുടെ ലഭ്യത കുറയും. ഇക്കാലത്ത് മിക്ക കുടുംബങ്ങളും കോളനിയിലെ സ്വന്തം വീടുകളിലെത്തും. തേനാണ് ഇവരുടെ പ്രധാന വരുമാനം. അതുകൊണ്ടുതന്നെ മഴക്കാലം കഴിഞ്ഞാലാണ് ഭൂരിഭാഗവും വീണ്ടും കാട്ടിനുള്ളിലേക്ക് പോവുക.

honey_ART_കഴിഞ്ഞവര്‍ഷവും ആനപ്പാന്തം കാട്ടില്‍നിന്നും ഇതേ അളവില്‍ തേന്‍ ലഭിച്ചിരുന്നു. ഉയരമുള്ള വലിയ മരക്കൊമ്പുകളിലെ തേനീച്ചക്കൂട് അടര്‍ത്തിയെടുത്താണ് തേന്‍ ശേഖരിക്കുന്നത്. രാത്രിയിലാണ് തേനെടുക്കുന്നത്. തേനീച്ചകളെ അകറ്റാന്‍ തീപ്പന്തവുമായാണ് മരത്തില്‍ക്കയറുക. രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചാണ് ഇതിനായി മരത്തില്‍ കയറുക. അടര്‍ത്തിയെടുക്കുന്ന തേനീച്ചക്കൂട് കാടിനുള്ളില്‍വെച്ചുതന്നെ അടരുകള്‍ വേര്‍തിരിച്ച് പിഴിഞ്ഞെടുക്കും. കൂടുണ്ടായിരുന്ന മരത്തിന്റെയും സമീപത്തെ മരങ്ങളുടെയും പ്രത്യേകതയനുസരിച്ച് തേനിനു നിറവും ഗുണവും മാറുമെന്ന് ആദിവാസികള്‍ പറയുന്നു.

കാട്ടില്‍ വിവിധതരം ഔഷധച്ചെടികളുള്ളതിനാല്‍ കാട്ടിലെ തേനിന് ഔഷധഗുണം കൂടും. അതുകൊണ്ടുതന്നെ ആദിവാസികള്‍ ശേഖരിക്കുന്ന തേന്‍വാങ്ങാന്‍ ആവശ്യക്കാരും ഏറെയാണ്. വലിയ കാനുകളില്‍ നിറച്ച് കോളനിയിലെത്തിക്കുന്ന തേന്‍ വനംവകുപ്പ് ഏറ്റെടുത്താണ് വിപണനം നടത്തുന്നത്. കാടിനുള്ളില്‍ പലയിടത്തായി ചെറു കൂരകള്‍ വെച്ചുകെട്ടി ആഴ്ചകളോളം താമസിച്ചാണ് ഇവര്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. തേന്‍ കൂടാതെ പലയിനം ഔഷധവള്ളികളും കായ്കളും വനത്തിനുള്ളില്‍നിന്ന് ശേഖരിച്ചുകൊണ്ടുവന്നാണ് ആദിവാസികള്‍ വരുമാനം കണ്ടെത്തുന്നത്.

ഇഞ്ച, കല്ലൂര്‍വഞ്ചി, ശതാവരി, മഞ്ഞക്കൂവ, കരിങ്കുറിഞ്ഞി, നെല്ലിക്ക, പതിരിപ്പൂവ്, മെഴുക്, തെള്ളി, നറുനീണ്ടി, ഏകനായകം, പാല്‍മുതുക്ക്, നായ്ക്കുരണം, കുരുമുളകുവേര്, ഓരില, ഏലക്കായ്, പാടക്കിഴങ്ങ് തുടങ്ങിയവയാണ് പ്രധാനമായി ശേഖരിക്കുന്ന വനവിഭവങ്ങള്‍. സ്ത്രീകളും കുട്ടികളുമൊക്കെയായി കുടുംബമായാണ് ഇവര്‍ കാടിനുള്ളിലും കഴിയുക. മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന കാട്ടുചെടികളുടെ ഇലയും വള്ളികളും ശേഖരിക്കാന്‍ മുപ്പതോളം കുടുംബങ്ങള്‍ ഇപ്പോഴും കാട്ടില്‍ത്തന്നെയാണ്.
റിപ്പോര്‍ട്ട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!